‘സൗദി സ്വദേശികൾ മനുഷ്യത്വമുള്ളവർ’; ആടുജീവിതം സിനിമയിലെ ‘ക്രൂരനായ അർബാബി’നെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷവിമർശനം

Advertisement

ദുബായ്: ആടുജീവിതം സിനിമയിലെ ക്രൂരനായ അർബാബിനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷവിമർശനം. മരുഭൂമിയിൽ നജീബിനെ ക്രൂരമായി പീഡിപ്പിക്കുന്ന അർബാബിന്റെ വേഷം അവതരിപ്പിച്ച ഒമാനി നടൻ ഡോ.താലിബ് അൽ ബലൂഷിക്കെതിരെയാണ് പ്രതിഷേധം ആളിപ്പടരുന്നത്. സൗദി അറേബ്യയുടെ പ്രതിച്ഛായയെ വികലമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും ഈ സിനിമ സത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നുമാണ് സമൂഹമാധ്യമത്തിൽ പടരുന്ന പ്രതിഷേധത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

സുൽത്താൻ നഫീയി എന്ന സൗദി സ്വദേശിയാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. അദ്ദേഹം എക്സ് പോസ്റ്റിൽ ഇതുസംബന്ധമായി കുറിച്ച വാക്കുകൾ സൗദികളായ തൊഴിലുടമകൾ പ്രത്യേകിച്ച് ഗോത്രവർക്കാരായ ബദുക്കൾ പ്രവാസി ജോലിക്കാരോട് ക്രൂരമായി പെരുമാറാറില്ലെന്നും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പറയുന്നു.


അറബിയിലെഴുതിയ സുൽത്താൻ നഫീയിയുടെ
പോസ്റ്റിന്റെ മലയാള വിവർത്തനം:
ആടുജീവിതം.. സൗദി അറേബ്യയുടെ പ്രതിച്ഛായയെ വികലമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഈ സിനിമ സത്യവുമായി പൊരുത്തപ്പെടുന്നില്ല. സൗദികളെല്ലാം മനുഷ്യത്വമുള്ളവരാണ്. എല്ലാവരോടും കാരുണ്യം കാണിക്കുന്നവരുമാണ്. അതേസമയം, പ്രവാസികളിൽ പലരും വളരെ മോശം കാര്യങ്ങളാണ് ചെയ്യുന്നത്. മദ്യനിർമാണം, വേശ്യാവൃത്തി ശൃംഖലകൾ, പൈറസി മുതലായവ പോലുള്ള കാര്യങ്ങൾ അവർ ചെയ്യുന്നു.

🎥
ഇതിന് അൽതാഫ് എന്ന മലയാളി എക്സ് പോസ്റ്റിലൂടെ തന്നെ മറുപടി നൽകുന്നു. സിനിമയുടെ സത്യാവസ്ഥ ചികയുന്നില്ല. എന്നാൽ കഴിഞ്ഞ 20 വർഷമായി സൗദിയിൽ ജീവിക്കുന്ന തനിക്ക് ഈ നാട്ടുകാരിൽ നിന്ന് ഇതുവരെ യാതൊരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് അൽതാഫ് തന്റെ വിഡിയോയിലൂടെ പറയുന്നു.

അതേസമയം, ഈ രണ്ടു പോസ്റ്റുകളെയും അനുകൂലിച്ചും പ്രതികൂലിച്ചും സൗദികളടക്കമുള്ള അറബികളും മലയാളികളും കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ, ഡോ.താലിബ് അൽ ബലൂഷി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.