വെന്‍റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജമെടുത്ത് സൂക്ഷിക്കാൻ യുവതിക്ക് അനുമതി നൽകി ഹൈക്കോടതി

Advertisement

കൊച്ചി:ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജമെടുത്ത് സൂക്ഷിക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ ഹർജിയിൽ അനൂകൂല ഉത്തരവിട്ട് ഹൈക്കോടതി. ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് 34 വയസ്സുള്ള യുവതിയാണ് ഹർജി നൽകിയത്. 2021 ലെ കേന്ദ്ര നിയമപ്രകാരം ദമ്പതികളുടെ അനുമതി പ്രായോഗികമല്ലാത്തതിനാലാണ് യുവതി കോടതി ഇടപെടൽ തേടിയത്.

കഴിഞ്ഞ വർഷമാണ് ദമ്പതികൾ വിവാഹിതരായത്. ഇവർക്ക് കുട്ടികളായിരുന്നില്ല. എറണാകുളം സ്വദേശിയായ യുവാവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 4നാണ് ബൈക്കിൽ യാത്ര ചെയ്യവേ എതിരെ വന്ന കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. അന്ന് മുതൽ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണ് യുവാവ്. അതിനാൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ട്രീറ്റ്മെന്റിലൂടെ കുട്ടിക്ക് ജന്മം നൽകാൻ ഭർത്താവിന്‍റെ ബീജം എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

2021ൽ നിലവിൽ വന്ന എ.ആർ.ടി നിയമ പ്രകാരം ബീജമെടുക്കാൻ ഭാര്യയുടെയും ഭർത്താവിന്‍റെയും അനുമതി വേണം.എന്നാൽ ഭർത്താവിന്റെ അനുമതി വാങ്ങുക സാധ്യമല്ല എന്നതിനാലാണ് യുവതിയും ഭർത്താവിന്‍റെ അമ്മയും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വി ജി അരുൺ ആശുപത്രി അധികൃതർക്ക് ബീജമെടുത്ത് സൂക്ഷിക്കാൻ നിർദേശം നൽകി.വിഷയത്തിലുള്ള എല്ലാ തുടർനടപടികളും കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാകണമെന്നും സിംഗിൽ ബെഞ്ച് വ്യക്തമാക്കി. ഹർജി സെപ്റ്റംബർ 9ന് വീണ്ടും പരിഗണിക്കും.

Advertisement