ആ കുടുംബം ആഹ്ളാദകണ്ണീര്‍ പൊഴിച്ചപ്പോള്‍ നാടും ഒപ്പം ചിരിച്ചു

Advertisement

തിരുവനന്തപുരം.. മുപ്പത്തിയേഴ് മണിക്കൂറിലെ നീണ്ട  തെരച്ചിലിനൊടുവിൽ ആ കുടുംബം ആഹ്ളാദകണ്ണീര്‍ പൊഴിച്ചപ്പോള്‍ നാടും ഒപ്പം ചിരിച്ചു. വീടു വിട്ടിറങ്ങിയ മകളെ തിരിച്ചെത്തിച്ച കേരളത്തിനോട് നന്ദി പറഞ്ഞു മാതാപിതാക്കൾ. മകളെത്തിയതിന് ശേഷം അസമിലേക്ക് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടാക്കിയ നെയ്യാറ്റിൻകര സ്വദേശിനി ബബിത കുട്ടിയെ കാണാൻ ശ്രമിക്കുമെന്ന് പറഞ്ഞു.



പതിമൂന്നുകാരിയായ മകള്‍ വീടു വിട്ടിറങ്ങിയതുമുതൽ അതീവ ദു:ഖത്തിലാ യിരുന്നു കഴക്കൂട്ടത്തെ വീട്ടിൽ താമസിക്കുന്ന അസം സ്വദേശിയുടെ കുടുംബം. ഒന്നര ദിവസം കുടുംബത്തോടൊപ്പം നാടും മുൾമുനയിൽ..ഇന്നലെ വിശാഖപട്ടണത്തു നിന്നും കുട്ടിയെ കണ്ടെത്തിയെന്ന വിവരം എത്തിയതോടെ ഒരുപോലെ ആശ്വാസം.കുട്ടിയുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഭക്ഷണം കഴിച്ചെന്ന് മകള്‍ പറഞ്ഞു. കുട്ടിയെ കണ്ടെത്തിയ മലയാളക്കരയ്ക്ക് കുടുംബത്തിന്റെ വക വലിയ നന്ദി.

ശകാരിച്ചതിനും മർദ്ദിച്ചതിനുമാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയെന്ന് സൂചിപ്പിച്ചപ്പോൾ താൻ മർദിച്ചിട്ടില്ലെന്ന് മാതാവ്.


മകളെ കൊണ്ടുവരാനായി വിശാഖപട്ടണത്തേക്ക് പോകാന്‍  ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പോലീസ് മകളെ തിരുവനന്തപുരത്ത് എത്തിക്കാമെന്ന്  ഉറപ്പു നൽകി. കുട്ടി മടങ്ങി വന്നതിനു ശേഷം അസമിലേക്ക് പോകാനാണ്  തീരുമാനമെന്നും കുടുംബം.അന്വേഷണത്തിൽ നിർണായകവഴിത്തിരിവുണ്ടാക്കിയ നെയ്യാറ്റിൻകര സ്വദേശിനി ബബിത കുട്ടിയെ തിരിച്ചു കിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ചു. കാണാനും ഭാഷ തടസ്സമെങ്കിലും സംസാരിക്കാനാഗ്രഹമുണ്ടെന്നും ബബിത പറഞ്ഞു.

വിശാഖപട്ടണത്തുള്ള പെൺകുട്ടിയെ നടപടികൾ പൂർത്തിയാക്കി  എത്രയും വേഗം  മാതാപിതാക്കളുടെ അടുത്തെത്തിക്കാനാണ് പോലീസിന്റെ ശ്രമം.