ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, സർക്കാരിനെ പ്രതിരോധത്തിലാക്കി ഹൈക്കോടതി

Advertisement

കൊച്ചി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സർക്കാരിനെ പ്രതിരോധത്തിലാക്കി ചോദ്യങ്ങളുമായി ഹൈക്കോടതി. റിപ്പോർ‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് ആരാഞ്ഞ കോടതി ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്ര വച്ച കവറിൽ ഹാജരാക്കാനും നിർദ്ദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിരവധി ചോദ്യങ്ങൾ ഇന്ന് സർക്കാരിന് നേരെ  ഹൈക്കോടതിയിൽ നിന്നുണ്ടായി. റിപ്പോർ‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആരാഞ്ഞ ഹൈക്കോടതി, കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും ചോദ്യമുന്നയിച്ചു. മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോ. പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ റിപ്പോർട്ടിലുണ്ടോ,
മൊഴി നൽകിയവർക്ക് നേരിട്ട് മുൻപിൻ വരാൻ താൽപര്യം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി. എന്നാൽ മൊഴി തന്നവരുടെ പേര് വിവരങ്ങൾ കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിൽ പരിമിതി ഉണ്ട്. കേസ് എടുക്കണമെന്ന ആവശ്യത്തിൽ മൊഴി നൽകിയാൽ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമാന നിലപാടാണ് വനിതാ കമ്മീഷനും സ്വീകരിച്ചത്.


അതേസമയം ഹേമ കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വനിത കമ്മീഷനെ കേസിൽ സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തു