മുണ്ടാട്ടംമുട്ടി, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള പ്രതികരണങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് കൽപ്പിച്ച് സിനിമാ സംഘടനകൾ

Advertisement

കൊച്ചി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള പ്രതികരണങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് കൽപ്പിച്ച് സിനിമാ സംഘടനകൾ.
വാർത്താസമ്മേളനം വിളിച്ചു നിലപാട് അറിയിക്കേണ്ടതില്ലെന്ന് അഭിനേതാക്കളുടെ സംഘാടനയായ അമ്മ. വിഷയത്തിൽ പ്രതികരിക്കരുതെന്ന് അംഗങ്ങൾക്ക് നിർദ്ദേശം നൽകി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും. തൽക്കാലം പ്രതികരണത്തിനില്ലെന്ന് ഫിലിം ചേംബറും വ്യക്തമാക്കി..

റിപ്പോർട്ട് വന്ന് രണ്ടുദിവസത്തിനുള്ളിൽ പ്രതികരണം എന്നായിരുന്നു അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ ആദ്യ മറുപടി. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് അമ്മ തയ്യാറായിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതിലും നിലപാട് രൂപീകരണത്തിലും അമ്മയിൽ നടക്കുന്നത് വലിയ തർക്കം. റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് വിഭാഗം രൂപപ്പെട്ടു. പവർ ഗ്രൂപ്പ് ആരോപണത്തിന് പിന്നാലെ നടിമാരുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ വാർത്താ സമ്മേളനം വിളിച്ചാൽ സംഘടന പ്രതിസന്ധിയിലാകും എന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഇനി പ്രതികരണത്തിന് ഇല്ലെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. ജനറൽ ബോഡിയിലും എക്സിക്യൂട്ടീവ് യോഗത്തിലും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി വലിയ തർക്കങ്ങൾ ഉടലെടുത്ത ഫിലിം ചേംബറും നിലപാട് പ്രഖ്യാപനത്തിൽ പ്രതിസന്ധിയിലാണ്.

Advertisement