ബെംഗളൂരു – എറണാകുളം വന്ദേഭാരത്: രാവിലെ ആറരയ്ക്ക് പുറപ്പെട്ടാൽ മതിയെന്നു ദക്ഷിണ റെയിൽവേ

Advertisement

തിരുവനന്തപുരം: ബെംഗളൂരു – എറണാകുളം വന്ദേഭാരത് സ്പെഷൽ സർവീസ് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന സമയം മാറ്റാൻ ദക്ഷിണ റെയിൽവേ നിർദേശിച്ചു. എറണാകുളത്തേക്കു പുറപ്പെടുന്ന സമയം രാവിലെ 5.30നു പകരം 6.30 ആക്കണം എന്നാണു നിർദേശം.

ബെംഗളൂരു നഗരത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പേ‍ാഴത്തെ സമയത്തു കന്റോൺമെന്റ് സ്റ്റേഷനിൽ എത്താൻ പ്രയാസമുണ്ട്. എന്നാൽ, ബെംഗളൂരു ഡിവിഷൻ ഉൾപ്പെടുന്ന സൗത്ത് വെസ്റ്റ് റെയിൽവേ മറുപടി നൽകിയിട്ടില്ല. സ്റ്റേഷനിൽ മൂന്നു പ്ലാറ്റ്ഫേ‍ാം മാത്രമായതിനാൽ സമയമാറ്റത്തിനു കൂടുതൽ പരിശേ‍ാധന വേണമെന്നാണ് അവരുടെ നിലപാട്.

നേരത്തേ കന്റോൺമെന്റിനു പകരം സെൻട്രൽ സ്റ്റേഷനാണു സർവീസിനായി ആവശ്യപ്പെട്ടതെങ്കിലും ട്രെയിൻ സ്വീകരിക്കാൻ ഇടമില്ലെന്നായിരുന്നു മറുപടി.എറണാകുളം – ബെംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസിന്റെ കാലാവധി 26ന് അവസാനിക്കും. ഒ‍ാണക്കാലത്തെ തിരക്കു പരിഗണിച്ചു സർവീസ് നീട്ടിയുള്ള ഉത്തരവ് അടുത്ത ദിവസം ഇറക്കിയേക്കും. ഐആർടിസിയുടെ കണക്കിൽ എറണാകുളം– ബെംഗളൂരു സർവീസിനു 105%, ബെംഗളൂരു – എറണാകുളം സർവീസിന് 88% എന്നിങ്ങനെയാണു ബുക്കിങ്.

ശനി, ഞായർ ദിവസങ്ങളിൽ പലർക്കും ടിക്കറ്റ് ലഭിക്കാറില്ല. എട്ടു കേ‍ാച്ചുകളിൽ ചെയർ, എക്സിക്യൂട്ടീവ് ക്ലാസുകളിലായി 600 സീറ്റുകളുണ്ട്. ഒരു റേക്ക് കൂടി അനുവദിച്ച് സർവീസ് സ്ഥിരമാക്കാൻ മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണു യാത്രക്കാരുടെ ആവശ്യം. 31% യാത്രക്കാർ മാത്രമുള്ള മംഗളൂരു – ഗേ‍‍ാവ വന്ദേഭാരതിനു കഴിഞ്ഞ മാസം അധിക റേക്ക് അനുവദിച്ചു.