ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന് ഒന്നും ഒളിയ്ക്കാനില്ല; പരാതിയില്ലാതെ കേസെടുക്കാനാകില്ല, സിനിമയെ സംരക്ഷിക്കുക എന്നത് സർക്കാർ നയം ,എം വി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം:
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലോ അത് പുറത്തുവിടുന്നതിലോ സർക്കാരിന് ഒളിച്ചു കളിക്കാൻ ഒന്നുമുണ്ടായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജസ്റ്റിസ് ഹേമ സർക്കാരിനോട് ആവശ്യപ്പെട്ടതു കൊണ്ടാണ് ചില ഭാഗങ്ങൾ ഒഴിവാക്കി പ്രസിദ്ധീകരിച്ചത്. സർക്കാർ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുക മാത്രമാണ് ചെയ്തത്.
ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കിൽ അത് നിയമപരമായി വാങ്ങിയെടുക്കാവുന്നതാണ്. സിനിമാ രംഗത്ത് ഉയർന്നുവന്ന പരാതികളിൽ പലർക്കെതിരെയും നേരത്തെയും കേസെടുത്തിട്ടുണ്ട്. ഒരു കേസിൽ പ്രമുഖ നടൻ ജയിലിൽ കിടന്നിട്ടുണ്ട്. മലയാള സിനിമയെ സംരക്ഷിക്കുക എന്നതാണ് ഇടത് സർക്കാർ തീരുമാനം.
സർക്കാരിന് പരിമിതിയുണ്ട്. പരാതിയില്ലാതെ കേസെടുക്കാനാകില്ല. കേസെടുത്താൽ പോരല്ലോ, കേസ് നിലനിൽക്കണ്ടേയെന്നും എംവി ഗോവിന്ദൻ ചോദിച്ചു. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടതെന്ന ആരോപണം ഉയർന്നതോടെയാണ് സിപിഎം വിശദീകരണം.