മഹല്ല് കമ്മറ്റി ഊര് വിലക്കിയതിൽ മനം നൊന്ത് മൊബൈൽ ടവറിന് മുകളിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യാശ്രമം

Advertisement

മലപ്പുറം. മഹല്ല് കമ്മറ്റി ഊര് വിലക്കിയതിൽ മനം നൊന്ത് മധ്യവയസ്കന്റെ ആത്മഹത്യാശ്രമം. മലപ്പുറം തിരുനാവായ സ്വദേശി ടികെ മുഹമ്മദ് ആണ് കോട്ടക്കുന്ന് റോഡിലെ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മുഹമ്മദിനെ കൊട്ട കെട്ടി താഴെ ഇറക്കുകയായിരുന്നു.

കോട്ടക്കുന്ന് റോഡിലെ 60 അടി ഉയരമുള്ള മൊബൈൽ ടവറിന് മുകളിലാണ് 60 കാരനായ ടി കെ മുഹമ്മദ് 30 അടിയോളം ഉയരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.നാട്ടുകാരിൽ ചിലർ കണ്ട് വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ഇയാളെ അനുനയിച്ച് താഴെ ഇറക്കാനുള്ള ശ്രമം തുടങ്ങി.ആദ്യം താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് പ്രശ്നത്തിൽ പരിഹാരം ഉണ്ടാകുമെന്ന് പോലീസ് ഉറപ്പു നൽകിയതോടെയാണ് ഇയാൾ താഴെയിറങ്ങാൻ തയ്യാറായത്.

2010 മുതൽ കൻമനം മഹല്ല് കമ്മറ്റി ഊര് വിലക്കിയെന്നാണ് പരാതി.കുടുംബത്തിലെ കല്യാണങ്ങൾക്ക് പള്ളി കമ്മറ്റി സഹകരിച്ചില്ലെന്നും, പുറത്ത് നിന്ന് പണ്ഡിതരെ കൊണ്ട് വന്നാണ് വിവാഹം നടത്തിയതെന്നും പരാതിയിൽ പറയുന്നു. കൂടാതെ മരിച്ചാൽ പള്ളി മഹല്ലിൽ മറവ് ചെയ്യാൻ അനുവധിക്കില്ലെന്ന് കമ്മറ്റി ഭാരവാഹികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.കൻമനം മഹല്ല് കമ്മറ്റിയുടെ സാമ്പത്തിക ഇടപാടുകളും, തിരുമറികളും ചോദ്യം ചെയ്തതാണ് പകക്ക് കാരണമെന്നാണ് ടികെ മുഹമ്മദിൻ്റെ ആരോപണം.

Advertisement