ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു; യുവാവ് പിടിയില്‍

Advertisement

തിരുവല്ലയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവത്തില്‍ തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.
കഴിഞ്ഞ ഒരു വര്‍ഷമായി കല്ലിശ്ശേരി സ്വദേശിനിയായ യുവതി വിഷ്ണുവിനൊപ്പമാണ് താമസം. നിയമപരമായി ഇവര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് വിഷ്ണുവും യുവതിയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വിഷ്ണു യുവതിയെ തൊഴിക്കുകയായിരുന്നു.
ശക്തമായ വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ് നടത്തിയതോടെയാണ് അഞ്ച് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്.