കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന കുടം തുറന്നുവിട്ട ഭൂതം മലയാള സിനിമയില്‍ കൊടുങ്കാറ്റുപോലെ ആഞ്ഞുവീശുകയാണ്.
ആദ്യം പ്രതിരോധിച്ചു പിടിച്ചുനിന്നവരെല്ലാം ഒന്നൊന്നായി കടപുഴകുന്നു. ‘അമ്മ’യിലെ വന്മരങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി നിലംപൊത്തുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിങ്ങനെ രണ്ട് അതികായരുടെ പതനത്തില്‍നിന്നാണു തുടക്കം. സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയിലെ എം.എല്‍.എയും മന്ത്രിയും മുതല്‍ സൂപ്പര്‍താരങ്ങള്‍ക്കും സംവിധായക പ്രമുഖര്‍ക്കും നിര്‍മാതാക്കള്‍ക്കുമെല്ലാമെതിരെ പേരുവെളിപ്പെടുത്തിയതും അല്ലാത്തതുമായ പരാതികള്‍ വന്നുകഴിഞ്ഞു.
വിമിന്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യു.സി.സി) തുടങ്ങിവച്ച പോരാട്ടമാണിപ്പോള്‍ ലക്ഷ്യത്തോടടുക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഒരുപോലെ പറയുന്നത്. ഹേമ കമ്മിറ്റി രൂപീകരണത്തിലും അന്തിമമായ റിപ്പോര്‍ട്ടിലും ഈ സിനിമാ കൂട്ടായ്മയുടെ പോരാട്ടത്തിനു വലിയൊരു പങ്കുണ്ട്. എന്നാല്‍, സംഘടനയുടെ രൂപീകരണം തന്നെ യാഥാര്‍ഥ്യമാക്കിയ വലിയൊരു പോരാട്ടത്തെ ഇപ്പോള്‍ മറന്നുപോകരുതെന്ന് ഓര്‍മിപ്പിക്കുകയാണ് ഇതേ ഡബ്ല്യു.സി.സി സ്ഥാപക നേതാക്കള്‍. 2017ല്‍ ധൈര്യമായി എണീറ്റുനിന്നു പോരാടാന്‍ തുനിഞ്ഞിറങ്ങിയ ഒരൊറ്റയാളുടെ പോരാട്ടവീര്യമാണ് ഇതിനെല്ലാം തുടക്കമെന്നാണ് ഒരേ ശബ്ദത്തിലിപ്പോള്‍ നടിമാരെല്ലാം ഉണര്‍ത്തുന്നത്.
‘പോരാടാന്‍ ഒരു പെണ്ണ് കാണിച്ച ചങ്കൂറ്റമാണ് ഇതിനെല്ലാം തുടക്കമിട്ടത്. അക്കാര്യം മറക്കാതിരിക്കാം’-പാര്‍വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍ ഉള്‍പ്പെടെ ഡബ്ല്യു.സി.സി സ്ഥാപകനേതാക്കളെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണിത്. ഇറ്റാലിയന്‍ തത്ത്വചിന്തകന്‍ അന്റോണിയോ ഗ്രാംഷിയുടെ വാക്കുകള്‍ കടമെടുത്താണ് രമ്യ നമ്ബീശന്‍ പ്രതികരിച്ചത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു: ”ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഔദാര്യമല്ലെന്നും, നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും, സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തില്‍നിന്നാണ് ഇതിന്റെ തുടക്കം.