വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി തിരുവനന്തപുരത്ത് തിരിച്ചെത്തിച്ച പതിമൂന്നുകാരി സിഡബ്ളിയു സി സംരക്ഷണയിൽ തുടരും

Advertisement

തിരുവനന്തപുരം. വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി തിരുവനന്തപുരത്ത് തിരിച്ചെത്തിച്ച പതിമൂന്നുകാരി സിഡബ്ളിയു സി സംരക്ഷണയിൽ തുടരും. പെൺകുട്ടിയുടെ സഹോദരങ്ങളെയും ഏറ്റെടുക്കാൻ തീരുമാനിച്ചതായി സിഡബ്ളിയു സി അറിയിച്ചു. കുട്ടികളെ ഏറ്റെടുക്കുന്നതിൽ മാതാപിതാക്കൾ സന്നദ്ധത അറിയിച്ചു. മാതാപിതാക്കളുടെ കൂടെ പോകാൻ താത്പര്യം ഇല്ല എന്നും CWC യുടെ സംരക്ഷണയിൽ പഠിക്കണം എന്നും കുട്ടി പറഞ്ഞെന്ന് ജില്ല ചെയർപേഴ്സൺ ഷാനിബ ബീഗം അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച കഴക്കൂട്ടത്തെ വീട് വിട്ടിറങ്ങിയ ശേഷം ആസാം സ്വദേശിയായ പതിമൂന്ന് വയസ്സുകാരി അച്ഛനെയും അമ്മയെയും കണ്ടത് ഇന്ന് ഉച്ചയോടെ. മകളെ കണ്ട് കെട്ടിപ്പിടിച്ച പിതാവ് വിങ്ങിപ്പൊട്ടി.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ച കുട്ടിയുടെ മൊഴി ഇന്നാണ് വിശദമായി രേഖപ്പെടുത്തിയത്. അമ്മ ജോലി ചെയ്യിപ്പിക്കുന്നു എന്നും അടിക്കുന്നു എന്നും കുട്ടി സിഡബ്ളിയു സി യോട് പറഞ്ഞു. കേരളത്തിൽ തുടരാണ് താത്പര്യം എന്നും സിഡബ്ളിയു സി സംരക്ഷണയിൽ നിന്ന് പഠിക്കാൻ ആണ് ഇഷ്ടമെന്നും കുട്ടി പറഞ്ഞെന്ന് ജില്ല ചെയർപേഴ്സൺ ഷാനിബ ബീഗം.

കുട്ടിക്ക് 10 ദിവസം സിഡബ്ളിയു സി കൗൺസിലിംഗ് നൽകും. വീട്ടിലെ സ്ഥിതി മോശം ആയതിനാൽ കുട്ടിയുടെ രണ്ടു സഹോദരങ്ങളെയും ഏറ്റെടുക്കുമെന്ന് സിഡബ്ളിയു സി അറിയിച്ചു. പതിമൂന്ന് കാരിയുടെ കൗൺസിലിംഗ് കഴിഞ്ഞാൽ രണ്ടു സഹോദരങ്ങളെയും എട്ടെടുക്കാനാണ് സിഡബ്ളിയു സി തീരുമാനം. അച്ഛനും അമ്മയും കേരളത്തിൽ തന്നെ തുടരും. വീട്ടിൽ പോകണ്ട എന്ന് കുട്ടി പറയുന്നതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കും.

Advertisement