നടി ശിവാനിയും വെളിപ്പെടുത്തലുമായി,മോഹന്‍ലാലിന്‍റെ ഇടപെടല്‍ തന്നെ ആ വലിയ അപമാനത്തില്‍നിന്നും രക്ഷപ്പെടുത്തി

Advertisement

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ സിനിമാ മേഖലയിലെ പല മുഖം മൂടികളും പാറിപ്പോവുകയാണ്. മേഖലയില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന അതിക്രമങ്ങള്‍ ചർച്ചയാകുമ്ബോള്‍ കൂടുതല്‍ താരങ്ങള്‍ വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നുണ്ട്.

മുൻനിര താരങ്ങള്‍ ഉള്‍പ്പെടെ ആരോപണ വിധേയരാവുന്നുമുണ്ട്. ഇപ്പോഴിതാ നടി ശിവാനി ഭായിയും ഇത്തരത്തില്‍ സിനിമാ ജീവിതത്തില്‍ ഉണ്ടായ മോശം അനുഭവത്തെ കുറിച്ച്‌ സംസാരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഇടപെടലാണ് തന്നെ ആ വലിയ അപമാനത്തില്‍നിന്നും രക്ഷപ്പെടുത്തിയത്. എന്നാല്‍ മോശം അനുഭവത്തിനെതിരെ പ്രതികരിച്ചതിനാല്‍ സിനിമ കിട്ടാതെ ആയെന്നും താരം പറയുന്നു.

അമ്മ കൂടെയുണ്ടായിരുന്ന സെറ്റില്‍ വച്ചാണ് സംഭവമെന്നും നിലവില്‍ ആരോപണ വിധേയരായ താരങ്ങള്‍ ആരും തന്നെ മോശമായി പെരുമാറിയിട്ടില്ലെന്നും ശിവാനി പറയുന്നു. എന്നാല്‍ മറ്റൊരു നടനില്‍ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നതെന്നും ജാങ്കോസ്‌പേസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശിവാനി ഭായ് പറഞ്ഞു.

തമാശയ്ക്കും കാര്യമായും ഒക്കെ നടിമാരുടെ വാതിലില്‍ മുട്ടുന്ന പതിവ് ഉണ്ടായിരുന്നുവെന്നാണ് ശിവാനി പറയുന്നത്. എന്റെ കൂടെ അമ്മയും ഉണ്ടായിരുന്നു അന്ന്. ആരാണ് അത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ ആളെ കണ്ടത്. ഈ നടൻ പകല്‍ സമയത്തൊക്കെ നല്ല ഫ്രണ്ട്ലിയായിരുന്നു. പക്ഷേ രാത്രി ആവുമ്ബോള്‍ പുള്ളിക്ക് ബാധ കയറിയത് പോലെ ആവുമെന്ന് തോന്നുന്നു; ശിവാനി പറയുന്നു.

ആളെ കണ്ടതോടെ ഞങ്ങള്‍ നിർമ്മാതാവിനോടും സംവിധായകനോടും കാര്യം പറഞ്ഞു. പിന്നീട് കൊറേ കാലത്തേക്ക് എനിക്ക് സിനിമ ഉണ്ടായിരുന്നില്ല. പിന്നീട് ഒന്നര വർഷത്തിന് ശേഷമാണ് സിദ്ധു പനയ്ക്കല്‍ ചൈന ടൗണ്‍ എന്ന സിനിമയ്ക്ക് വേണ്ടി വിളിക്കുന്നത്. ഞാനും അമ്മയും എയർപോർട്ടില്‍ എത്തിയപ്പോള്‍ അവിടെ ഈ നടനെ കണ്ടിരുന്നു. ഞാൻ അദ്ദേഹത്തോട് സാധാരണ രീതിയിലാണ് സംസാരിച്ചത്; ശിവാനി പറഞ്ഞു.

എന്നാല്‍ പുള്ളി ടെൻഷനില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാമായിരുന്നു. ഹൈദരാബാദില്‍ എത്തി ആദ്യത്തെ ദിവസം ഷൂട്ടിംഗ് നടന്നിരുന്നില്ല. പിന്നെ മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നില്ല. എന്നാല്‍ നാലാമത്തെ ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. ഞാൻ അഭിനയിക്കുകയും ചെയ്‌തു. ആ സിനിമയുടെ പ്രൊഡ്യൂസർ ആന്റണി പെരുമ്ബാവൂർ ആയിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു ആ നടനുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന്. ഞാൻ കാര്യങ്ങള്‍ ഒക്കെ തുറന്നു പറഞ്ഞു; നടി വെളിപ്പെടുത്തി.

എന്നെ കണ്ടത് മുതല്‍ ആ നടൻ സെറ്റിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ് അഭിനയിപ്പിക്കരുതെന്ന് പറഞ്ഞെന്ന് ആന്റണി പെരുമ്ബാവൂർ പറഞ്ഞു. അഭിനയിച്ചാല്‍ തിരുവനന്തപുരത്ത് തിയേറ്ററില്‍ കൂവുമെന്നും പറഞ്ഞു. ഇതോടെ തന്നെ മടക്കി അയക്കാൻ അവർ ആലോചിച്ചെങ്കിലും മോഹൻലാല്‍ ഇടപെട്ടാണ് തനിക്ക് അഭിനയിക്കാൻ അവസരം കിട്ടിയതെന്നും ശിവാനി പറഞ്ഞു.

മോഹൻലാല്‍ പറഞ്ഞ വാക്കുകള്‍ ആന്റണി പെരുമ്ബാവൂർ എന്നോട് പറഞ്ഞിരുന്നു. ഒരു പെണ്‍കുട്ടിയാണ് ഇവിടെ വിളിച്ചുവരുത്തി തിരിച്ചയക്കുമ്ബോള്‍ അവള്‍ക്കുണ്ടാവുന്ന നാണക്കേടുണ്ട്. സാമ്ബത്തിക നില എങ്ങനെയാണെന്ന് നമുക്കറിയില്ല. അവർക്ക് ഈ പണം കൊണ്ട് പല കണക്കുകൂട്ടലുകളും ഉണ്ടാവും. അത് നടക്കാതാവുമ്ബോള്‍ ഉണ്ടാവുന്ന വിഷമം, ആ ശാപം നമുക്ക് ഉണ്ടാവരുത്; എന്നായിരുന്നു ലാലേട്ടന്റെ വാക്കുകളെന്ന് ശിവാനി ഓർത്തെടുത്തു.