വയനാട്ടിലെ സ്കൂളുകൾ 28 ദിവസങ്ങൾക്ക് ശേഷം തുറന്നു

Advertisement

വയനാട്.മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിലെ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിച്ചിരുന്ന വയനാട്ടിലെ സ്കൂളുകൾ 28 ദിവസങ്ങൾക്ക് ശേഷം തുറന്നു. താൽക്കാലിക പുനരധിവാസം പൂർത്തിയായ സാഹചര്യത്തിലാണ് ഇന്ന് ക്ലാസുകൾ ആരംഭിച്ചത്. ഉരുൾപൊട്ടലിൽ മൂന്നു വിദ്യാർത്ഥികളെ നഷ്ടപ്പെട്ട മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ അനുശോചന അസംബ്ലി നടന്നു.

ഉരുൾപൊട്ടലിന്റെ നീറുന്ന ഓർമ്മകൾ താണ്ടി വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക് എത്തി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകളാണ് തുറന്നത്. ചൂരൽ മലയിൽ നിന്നുള്ള ഹിന, മുഹമ്മദ് നൈഷാൻ, ശരൺ ദുരന്തം കവർന്ന മൂന്നു വിദ്യാർത്ഥികളെയും അനുസ്മരിച്ച് മേപ്പാടി ഹയർസെക്കൻഡറി സ്കൂളിൽ അസംബ്ലി നടന്നു. കൂട്ടുകാർക്കായി മൗന പ്രാർത്ഥന.

സ്കൂളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളുടെ വീടുകൾ തകർന്നിട്ടുണ്ട്. പ്രിയപ്പെട്ടവർ ഇല്ലാതായിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകും

മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലേയ്ക്കാണ് ദുരന്തത്തിന്റെ നേർക്കാഴ്ചയായ വെള്ളാർമല സ്കൂൾ മാറ്റുന്നത്. ഇതിനായി 12 ക്ലാസുകൾ ഒരുക്കി കഴിഞ്ഞു. ദുരന്ത മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ രണ്ടിന് പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും.

Advertisement