കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയ്ക്കു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി). ‘‘പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം’’ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി പറയുന്നു.
‘അമ്മ’ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവച്ച മോഹൻലാലിന്റെ വാർത്തക്കുറിപ്പിൽ പറഞ്ഞിരുന്നു. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുമെന്നും അതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ, നിലവിലുള്ള ഭരണസമിതി തുടരുമെന്നും കുറിപ്പിൽ പറയുന്നു.
രാജിവിവരം പ്രഖ്യാപിച്ച് മോഹൻലാൽ പുറത്തുവിട്ട വാർത്തക്കുറിപ്പിൽനിന്ന്:
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സമൂഹ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തി രാജി വയ്ക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും.
‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെൽപുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.’