മലയാള സിനിമ മേഖലയിലെ ഏഴു പേർക്കെതിരെ നടി നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

Advertisement

കൊച്ചി.നടൻമാർ ഉൾപ്പടെ മലയാള സിനിമ മേഖലയിലെ ഏഴു പേർക്കെതിരെ നടി നൽകിയ പരാതിയിൽ അന്വേഷണ ആരംഭിച്ച് പ്രത്യേക സംഘം. ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള ടീം കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയാണ് നടിയുടെ മൊഴി എടുക്കുന്നത്. അതിനിടെ യുവ നടിയുടെ പരാതിയിൽ നടൻ സിദ്ധിക്കിനെതിരെ ബലാൽസംഗം കുറ്റത്തിന് പോലീസ് കേസെടുത്തു.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തിയ 18 പരാതികളിൽ എഴും നൽകിയത് ആലുവ സ്വദേശിനിയായ നടിയാണ്. മുകേഷ്, ജയസൂര്യ , മണിയൻപിള്ള രാജു, ഇടവേള ബാബു, സാങ്കേതിക പ്രവർത്തകരായ നോബിൾ, വിച്ചു, അഡ്വ ചന്ദ്രശേഖർ എന്നിവർക്കെതിരെയാണ് പരാതി. രാവിലെ പത്തരക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ ഇപ്പോഴും തുടരുകയാണ്. ഡിഐജി അജിത ബീഗം, എഐജി ജി പൂങ്കുഴലി എന്നിവരാണ് മൊഴി രേഖപ്പെടുത്തുന്നത്.

ലൈംഗിക ആരോപണങ്ങളിൽ പ്രതിസന്ധിയിലായ എംഎൽഎ മുകേഷിനെ പാർടി സംരക്ഷിക്കുന്നതിനിടെയാണ് മുകേഷും ഉൾപ്പെട്ട പരാതിയിൽ മൊഴിയെടുപ്പ്. അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾ നിർണായകമാണ്

അതിനിടെ നടൻ സിദ്ധിക്കിനെതിരെ യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. മ്യൂസിയം പോലീസ് എടുത്ത കേസ് പ്രേത്യേക സംഘത്തിന് കൈമാറി. 2016 തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിചെന്നാണ് ആരോപണം. നടനെതിരെ പരാതി നൽകിയ യുവ നടിയുടെ മോഴി ഉടൻ രേഖപ്പെടുത്തും. കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യത്തിനായി നടൻ സിദ്ദിഖ് നീക്കം തുടങ്ങി. ഇതുവരെ ലഭിച്ച പരാതികളിൽ വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളും ഉൾപ്പെടും. തൽക്കാലം പ്രത്യേക സംഘത്തിന്റെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് നിലപാടാണ് പോലീസിന്. ഹൈക്കോടതിയുടെ തീരുമാനം വന്നശേഷം തുടർനടപടിയെടുത്താൽ മതിയെന്ന് നിർദ്ദേശമാണ് ഡിജിപി നൽകിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ നോക്കേണ്ടെന്നാണ് തീരുമാനം എങ്കിലും പരാതി ലഭിച്ചാൽ ഉടൻ ആക്ഷൻ എടുക്കാനാണ് നിർദേശം . പരാതിക്കാരുടെ മൊഴി വേഗത്തിൽ എടുത്തു, പ്രതികളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.