വഴി തടഞ്ഞു, സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

Advertisement

തൃശൂര്‍.വഴി തടഞ്ഞുവെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. തൃശ്ശൂർ രാമനിലയത്തിൽ അനുവാദമില്ലാതെ കയറിയെന്നും മന്ത്രിയെ തടഞ്ഞുവെന്നും ഗൺമാന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്. അതിനിടെ സുരേഷ് ഗോപിക്കെതിരെ മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.


മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് ബിജെപി നേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രണ്ടുതട്ടിലായതോടെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകർക്ക് നേരെയായിരുന്നു കയ്യേറ്റം. എന്നാൽ രാത്രിയോടെ വഴി തടഞ്ഞു എന്ന് കാട്ടി മന്ത്രി സുരേഷ് ഗോപി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. രാവിലെ രേഖാമൂലം പരാതി നൽകിയതോടെ രാത്രിയോടെ പോലീസ് കേസെടുത്തു. സുരേഷ് ഗോപിയുടെ ഗൺമാൻ കൃത്യനിർവഹണം തടസ്സപ്പെടുത്തിതിനും അനുവാദമില്ലാതെ ഗസ്റ്റ്ഹൗസിൽ കയറിയതിനും കേന്ദ്രമന്ത്രിയുടെ വഴി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. അതിനിടെ മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിൽ തൃശ്ശൂർ സിറ്റി എസിപി യെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. പരാതിക്കാരനായ അനിൽ അക്കരയുടെ മൊഴി നാളെ രാവിലെ 11 മണിക്ക് രേഖപ്പെടുത്തും.

സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ അടക്കം വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. മൊഴിയടിസ്ഥാനമാക്കി നിയമപദേശം തേടിയശേഷം കേസെടുക്കണമോയെന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് പോലീസ് നീക്കം.

Advertisement