തിരുവനന്തപുരം. നടൻ സിദ്ദിഖിനെതിരായ യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. മ്യൂസിയം പോലീസ് കേസ് എടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യത്തിന് സിദ്ദിഖ് നീക്കം തുടങ്ങി. പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി.
ഈ മെയിൽ മുഖേനെ ഡിജിപിക്ക് നൽകിയ പരാതിയിലാണ് സിദ്ദിഖിനെതിരെ മ്യൂസിയം പോലീസ് കേസ് എടുത്തത്. 2016ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. ബലാൽസംഗം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് എടുത്തതിനു പിന്നാലെ പ്രത്യേകസംഘം യുവനടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയിൽ സിദ്ദിഖിനെതിരെ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. ക്രൂരമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി എന്നും നടി പോലീസിന് മൊഴി നൽകി. രഹസ്യ മൊഴി നാളെ രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തി. തിരുവനന്തപുരം കോടതിയിലെ വനിതാ മജിസ്ട്രേറ്റ് ആകും രഹസ്യമൊഴിയെടുക്കുക. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിനും പോലീസ് നിർദേശം നൽകി.
അതിനിടെ അറസ്റ്റ് ഭയന്ന് നടൻ സിദ്ദിഖ് മുൻകൂർ ജാമ്യ നീക്കം തുടങ്ങി. ഹൈക്കോടതിയിൽ അപേക്ഷ നൽകാനാണ് ആലോചന. പരാതി അജണ്ടയാണ് എന്ന് ആരോപിച്ച് നടൻ സിദ്ദിഖ് യുവ നടിക്കെതിരെ നൽകിയ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്.