തിരുവനന്തപുരം: കേരളത്തിലെ പ്രവാസികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മലബാര്‍ മേഖലയും മലപ്പുറം ജില്ലയുമൊക്കെയാണ്. തെക്കന്‍ കേരളത്തേയും മദ്ധ്യകേരളത്തേയും അപേക്ഷിച്ച് പ്രവാസികളുടെ എണ്ണം കൂടുതല്‍ വടക്കന്‍ കേരളത്തിനാണെന്നത് തന്നെയാണ് അതിന് കാരണം. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യം പരിശോധിച്ചാല്‍ സ്വാഭാവികമായും മുന്നില്‍ മലബാര്‍ മേഖലയ്ക്ക് മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍ ഈ വിഭാഗത്തില്‍ മലപ്പുറം ജില്ലയ്ക്ക് അവര്‍ കൈയടക്കിയിരുന്ന ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തില്‍ വളരെ കാലമായി മലപ്പുറത്തിനായിരുന്നു ഒന്നാം സ്ഥാനം. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് മലപ്പുറത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ് കേരളത്തിലെ മറ്റൊരു ജില്ല. എന്നാല്‍ മലബാറിന് പുറത്തുള്ള തെക്കന്‍ ജില്ലയായ കൊല്ലമാണ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയതെന്ന വസ്തുത അല്‍പ്പം കൗതുകമുണര്‍ത്തുന്നതാണ്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്മെന്റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ് ഇരുദയരാജനാണ് പഠനം നടത്തിയത്.
റിപ്പോര്‍ട്ട് അനുസരിച്ച് 17.8 ശതമാനം പ്രവാസി പണവും കൊല്ലം ജില്ലയിലേക്കാണ് എത്തുന്നത്. മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നില്‍. വിദേശത്ത് നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ആകെ 2,16,893 കോടി രൂപയാണ് എത്തിയത്. കൊവിഡിന് ശേഷം സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് എത്തുന്ന പണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2018 ല്‍ 85,092 കോടിയായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണക്ക് പരിശോധിക്കുമ്പോള്‍ 2 ലക്ഷം കോടിയിലേക്ക് വര്‍ദ്ധിച്ചിരിക്കുകയാണ് സംസ്ഥാനത്ത് എത്തുന്ന പ്രവാസി പണത്തിന്റെ കണക്ക്. അഞ്ച് വര്‍ഷത്തിനിടെ 154 ശതമാനമാണ് സംസ്ഥാനത്ത് എത്തിയ വിദേശ പണത്തിലുണ്ടായ വര്‍ദ്ധന. അതേസമയം രാജ്യത്തെത്തുന്ന മൊത്തം വിദേശ പണത്തിന്റെ 21 ശതമാനം വിഹിതം കേരളത്തിലേക്ക് എന്നതില്‍ ഏറ്റവും പുതിയ കണക്കിലും മാറ്റമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.