വയനാട് പുനരധിവാസം, സർവകക്ഷി യോഗം ഇന്ന്

Advertisement

തിരുവനന്തപുരം. വയനാട് പുനരധിവാസം ചർച്ച ചെയ്യാനുള്ള സർവകക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 വാർഡുകളും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്നും ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് ഇന്ന് സർവ്വകക്ഷി യോഗം ചേരുന്നത്. വൈകിട്ട് നാലരയ്ക്ക് ഓൺലൈനായാണ് യോഗം ചേരുക. പുനരധിവാസം സംബന്ധിച്ച നിർദ്ദേശങ്ങൾ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് അറിയിച്ചിരുന്നു. പുനരധിവാസം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 വാർഡുകളും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാർഡ് 3 ഉം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചൂരൽ മലയിൽ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഈ പ്രദേശങ്ങളിലെ ജനങ്ങൾക്കും നൽകുമെന്ന് മന്ത്രി കെ രാജൻ.

വിലങ്ങാട് ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. പുനരുധിവാസത്തിനായി ടൗൺഷിപ്പ് അടക്കമുള്ളവയുടെ നിർമ്മാണവും സർവ്വ കക്ഷി യോഗത്തിൽ ചർച്ചയാകും. ടൗൺഷിപ്പിനായി കണ്ടെത്തിയിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങൾ സർവ്വകക്ഷി യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. പ്രദേശത്തെക്കുറിച്ച് പഠിച്ച പ്രമുഖ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻറെ റിപ്പോർട്ടും സർക്കാരിനെ ലഭിച്ചിട്ടുണ്ട്. ഇതിൻറെ കൂടി അടിസ്ഥാനത്തിൽ ആകും പുനരധിവാസക്കാര്യങ്ങളിൽ തീരുമാനമെടുക്കുക.
മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും പങ്കെടുക്കും.