ചെന്നൈ: നാട്ടിലെത്താൻ ടിക്കറ്റിനായി ഓടുന്ന മലയാളികൾക്ക് റെയിൽവേയുടെ ഓണസമ്മാനമായി വന്ദേഭാരത്. 31ന് ഉദ്ഘാടനം ചെയ്യുന്ന ചെന്നൈ– നാഗർകോവിൽ– ചെന്നൈ സർവീസാണു കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക്, പ്രത്യേകിച്ച് തിരുവനന്തപുരത്തേക്കുള്ളവർക്ക് സഹായമാവുക. നാഗർകോവിലിൽ ഇറങ്ങിയ ശേഷം ബസ് മാർഗമോ സ്വകാര്യ വാഹനങ്ങളിലോ നാട്ടിലെത്താം.
ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണു പുതിയ വന്ദേഭാരത് സർവീസ് നടത്തുക. എഗ്‌മൂറിൽ നിന്നു പുലർച്ചെ അഞ്ചിനു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50നു നാഗർകോവിലിലെത്തും.മടക്ക സർവീസ് ഉച്ചയ്ക്ക് 2.20നു പുറപ്പെട്ട് രാത്രി 11ന് എഗ്‌മൂറിലെത്തും. വിഴുപ്പുറം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, കോവിൽപട്ടി, തിരുനെൽവേലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ബുക്കിങ് ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും ഉടൻ തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. നാഗർകോവിലിൽ നിന്നു തുടർയാത്രയ്ക്കുള്ള ട്രെയിൻ വൈകിട്ട് മാത്രമാണെങ്കിലും റോഡ് മാർഗം നാട്ടിലേക്കു പോകാമെന്നതാണു നേട്ടം. ചെന്നൈയിൽ നിന്നു പാലക്കാട് വഴിയുള്ള ട്രെയിനുകളിലും കെഎസ്ആർടിസി ബസുകളിലും ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ ഈ ട്രെയിൻ മലയാളികൾക്ക് ഉപകാരപ്പെടും.
തിരുനെൽവേലി വഴിയും നാട്ടിലെത്താം
ചെന്നൈയിൽ നിന്നു തിരുനെൽവേലിയിലേക്കുള്ള വന്ദേഭാരതിൽ നിലവിൽ ടിക്കറ്റ് ബാക്കിയുള്ളത് സെപ്റ്റംബർ 11നു മാത്രമാണ്. ചെയർകാറിൽ 8 സീറ്റുകളാണു ബാക്കിയുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ ടിക്കറ്റുകൾ വെയ്റ്റ്ലിസ്റ്റ് ആണ്. ചെന്നൈയിൽ നിന്ന് ഉച്ചയ്ക്ക് 2.50നു പുറപ്പെടുന്ന ട്രെയിൻ തിരുനെൽവേലിയിൽ രാത്രി 10.40നാണ് എത്തുക.
തുടർന്നു 11.30നുള്ള പാലരുവി എക്സ്പ്രസിൽ പിറ്റേന്നു പുലർച്ചെ 3ന് പുനലൂരിലെത്താം. കൊട്ടാരക്കര (3.23), കുണ്ടറ (3.37), കൊല്ലം (4.45), കരുനാഗപ്പള്ളി (5.25) ചെങ്ങന്നൂർ (6.08), തിരുവല്ല (6.19), കോട്ടയം (6.55) തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റോപ്പുണ്ട്. മറ്റു ട്രെയിനുകളിലെല്ലാം ടിക്കറ്റ് തീർന്നതിനാൽ നാട്ടിലെത്താൻ ഈ യാത്രാമാർഗം ഉപയോഗപ്പെടുത്താം.
കോയമ്പത്തൂരിലേക്കുള്ള വന്ദേഭാരതിലെ എക്സിക്യൂട്ടീവ് കോച്ചിൽ 12ന് 5 ടിക്കറ്റുകൾ ബാക്കിയുണ്ട്. ഉച്ചയ്ക്ക് 2.15നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 8.15നു കോയമ്പത്തൂരിലെത്തും. തുടർന്നു ബസ് മാർഗമോ സ്വകാര്യ വാഹനങ്ങളിലോ പാലക്കാട്, എറണാകുളം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാം. മലബാറിലേക്ക് ആ സമയത്തുള്ള ട്രെയിനുകളിൽ സീറ്റുകൾ ബാക്കിയില്ല.
കൂടുതൽ ബസുകൾ നിരത്തിൽ
സംസ്ഥാനത്ത് സർവീസ് നടത്തുന്നതിനായി കൂടുതൽ സൗകര്യങ്ങളുള്ള 150 എസ്ഇടിസി ബസുകൾ കൂടി നിരത്തിലിറക്കി. ചെന്നൈയിൽ നിന്നു കോയമ്പത്തൂർ, കന്യാകുമാരി, കേരളത്തിന്റെ അതിർത്തി ജില്ലകൾ എന്നിവിടങ്ങളിലേക്കെല്ലാം ഈ ബസുകൾ സർവീസ് നടത്തും. ബിഎസ് 6 ബസുകളായ ഇവയിൽ മൊബൈൽ ചാർജിങ് പോയിന്റ്, അടിയന്തര ആവശ്യങ്ങൾക്കുള്ള എസ്ഒഎസ് ബട്ടൺ, അറിയിപ്പ് സംവിധാനം, ഫയർ ഡിറ്റക്‌ഷൻ സംവിധാനം എന്നിവയെല്ലാമുണ്ട്.
അത് തമിഴ് നാടിന് കിട്ടിയ അഡ്വാൻസ് ദീപാവലി സമ്മാനമായിട്ട് കൂട്ടിയാൽ മതി.