വയനാട്. ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനായി വിളിച്ച സർവ്വകക്ഷി യോഗത്തിൽ മികച്ച പുനരധിവാസം ഉറപ്പാക്കാൻ തീരുമാനം. വിവിധ വകുപ്പുകളുടെ മന്ത്രിമാരും വിവിധ കക്ഷികളുടെ നേതാക്കളും ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിൽ മുൻഗണന നൽകാനും യോഗം തീരുമാനമെടുത്തു.
വയനാട് പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം.വീട് നഷ്ടപ്പെട്ടവര്‍ക്കാണ് മുന്‍ഗണന..ദുരന്തബാധിതരായവർക്ക് പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കുക. ഭാവിയിൽ രണ്ടാം നില പണിയുന്ന തരത്തിലാവും നിർമ്മാണം. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ തൊഴിൽ സംവിധാനം കൂടി ഉറപ്പാക്കും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും.
കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്‍റെ ഭാഗമായി പരിഗണിക്കും.
വാടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്‍റെ ഭാഗമായി സംരക്ഷിക്കാനാണ് തീരുമാനം. വായ്പകൾ എഴുതി തള്ളാൻ റിസർവ്വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും ബന്ധപ്പെടാനും യോഗം തീരുമാനമെടുത്തു.സ്വകാര്യ വ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണയ്ക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്പെഷ്യല്‍ പാക്കേജാണ് സംസ്ഥാന സർക്കാർ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സർവ്വകക്ഷി യോഗത്തിൽ അറിയിക്കുകയും ചെയ്തു.
സ്കൂള്‍ പുനര്‍നിര്‍മ്മിച്ച് നിലനിര്‍ത്താനാവുമോ എന്ന് വിദഗ്ധര്‍ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ നിർമ്മിക്കും.
ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍വേഗത്തിൽ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടും . ഉരുൾപ്പൊട്ടലുണ്ടായ വിലങ്ങാടിലെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ആദ്യം കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മന്ത്രിസഭാ യോഗത്തിലും വച്ച ശേഷമാണ് പുനരധിവാസ പാക്കേജ് സർവ്വകക്ഷിയോഗത്തിൽ അവതരിപ്പിച്ചത്..