വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 30 വെള്ളി

BREAKING NEWS

👉ജമ്മുവിലെ കുപ്പ്വരായിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

👉എം മുകഷ് എംഎൽഎയ്ക്ക് എതിരായി നടപടി വേണമെന്ന് വൃന്ദാകാരാട്ട്

👉സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് എം മുകേഷ് എംഎൽഎയെ ഒഴിവാക്കി സിപിഎം കേന്ദ്ര നേതൃത്വം

👉മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്ന കാര്യത്തിൽ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് തീരുമാനമെടുക്കും

👉സിനിമാ കോൺക്ലേവ് നവംബർ 23ന് നടക്കാൻ സാധ്യതയില്ല. പ്രശ്നങ്ങൾ ഒഴിയുന്നത് വരെ പരിപാടി മാറ്റിവെയ്ക്കും.

👉മറയൂരിൽ കാട്ടാന സ്ക്കൂളിൻ്റെ ഗേറ്റ് തകർത്തു.

👉സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ. കോട്ടയത്തും ഇടുക്കിയിലും മഴ തുടരുന്നു.

👉നടൻ ജയസൂര്യയ്ക്ക തിരെ വീണ്ടും കേസ്.തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് ഉണ്ടായ ദുരനുഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ കരമന പോലീസ് കേസ്സെടുത്തു.

👉വി കെ പ്രകാശിനെതിരായ കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കൊല്ലം പള്ളിത്തോട്ടം പോലീസാണ് കേസ്സെടുത്തത്.

👉വയനാട് പുനരധിവാസം, സർക്കാർ രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കും.

👉 വയനാട് ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍.

👉 രണ്ടാം ഘട്ടത്തില്‍ വീട് മാറി താമസിക്കേണ്ടി വന്നവരെ പരിഗണിക്കും. സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിര്‍മ്മിക്കുക.

🌴 കേരളീയം 🌴

🙏 വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 58 കുടുംബങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജന്‍. ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂര്‍ത്തിയായെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തു എന്നും മന്ത്രി പറഞ്ഞു.

🙏 ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ മദര്‍ഷിപ്പ് ഡെയ്ല ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും. 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ളതാണ് ഈ കൂറ്റന്‍ കപ്പല്‍. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പല്‍ കൊളംബോയിലേക്ക് പോകും.

🙏 കേരള പി എസ് സി മുഖേനയുള്ള തെരഞ്ഞെടുപ്പുകളില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനാണ് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.

🙏കേരളടൂറിസം വളരുമ്പോള്‍ ആഭ്യന്തര വളര്‍ച്ചയുടെ ഏറിയ പങ്കും വഹിക്കാന്‍ പറ്റുന്ന പ്രധാന മേഖലയായി വിനോദസഞ്ചാരം മാറുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് . ടൂറിസം വകുപ്പിന്റെ മാനവ വിഭവശേഷി വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സിലെ അക്കാദമിക് അനക്സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏 നഗരങ്ങളില്‍ രണ്ട് സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ചെറിയ വീടുകള്‍ക്ക് ഇളവ്. കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ 3 മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍, ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ഒരു മീറ്റര്‍ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

🙏 ലൈംഗീക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ , അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് എം മുകേഷിനെതിരെ കേസ്.

🙏 നടനും എം എല്‍ എയുമായ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ ഇല്ലെന്ന വാദവുമായി മന്ത്രി സജി ചെറിയാന്‍. മുകേഷ് ഉള്‍പ്പെടുന്ന 11 അംഗ സമിതിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതലയാണുള്ളതെന്നാണ് മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും എന്ന സൂചനകള്‍ക്കിടെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം.

🙏 ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

🙏 സിപിഎം ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്നത്. മുകേഷ് രാജിവെക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം.

🙏 മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. ഇന്ന് മഹിളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനന്ദവല്ലീശ്വരത്തെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമണ്‍ കളക്ടീവും എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

🙏 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയേക്കും. സന്ദീപ് വചസ്പതി, ശിവശങ്കര്‍ എന്നിവര്‍ ദില്ലിയിലെ ദേശീയ വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് എത്തി പരാതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

🙏 സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ സാറ ജോസഫ് രംഗത്ത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജി വെച്ച് അന്വേഷണം നേരിടേണ്ടതില്ലെന്ന് പറയുന്ന സര്‍ക്കാര്‍ എന്ത് സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു.

🙏മുകേഷിന്റെ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി സജി ചെറിയാന്‍. എന്തും ആരെപ്പറ്റിയും എപ്പോഴും പറയാന്‍ ഒരു മടിയും കാണിക്കാത്ത അവസ്ഥയിലാണ് മാധ്യമങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

🙏സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിന്റെ സാക്ഷി മൊഴി രേഖപ്പെടുത്തി. കേസില്‍ നിര്‍ണായക മൊഴിയാണിത്. എറണാകുളം തമ്മനത്തുള്ള ജോഷി ജോസഫിന്റെ വീട്ടിലെത്തിയാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.

🙏 ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷന്‍ പദവി ഒഴിഞ്ഞത്.

🙏 നടന്‍ ജയസൂര്യക്കെതിരായ കേസില്‍ സിനിമയുടെ സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ സിനിമയുടെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക.

🇳🇪 🇳🇪 ദേശീയം 🇳🇪 🇳🇪

🙏 ഒഡിഷയില്‍ പക്ഷിപ്പനി മനുഷ്യനില്‍ ബാധിച്ചതായ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അതീവ ജാഗ്രതയില്‍. ഒഡിഷയിലെ പുരി ജില്ലയിലാണ് സംശയകരമായ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലുള്ളത്.

🙏 ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തില്‍ 8 കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബഹ്റയിച്ച് ജില്ലയിലാണ് സംഭവം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കി.

🙏 ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം തുടരാന്‍ സിബിഐയ്ക്ക് കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാന്‍ അനുമതി വേണമെന്ന സിബിഐ ഹര്‍ജി കോടതി തള്ളി

🙏മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് മറ്റന്നാള്‍ വരെ തുടരും. കേന്ദ്രസര്‍ക്കാരിന്റെ വാദം നാളെ നടക്കും.

🙏 ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോര്‍ട്ടലിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം തുടക്കം കുറിച്ചു. കേന്ദ്രമന്ത്രി അന്നപൂര്‍ണാ ദേവിയുടെ നേതൃത്വത്തില്‍ ഇന്നലെ ദില്ലിയില്‍ നടന്ന ചടങ്ങില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.

🙏 സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ ഒരു വാക്കുപോലും ഡോക്ടര്‍മാര്‍ക്കെതിരെ പറഞ്ഞിട്ടില്ലെന്നും ഒരിക്കലും ഭീഷണിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.

🙏 അപകീര്‍ത്തിക്കേസ് ചോദ്യംചെയ്ത് തിരുവനന്തപുരം എം.പി. ശശി തരൂര്‍ നല്കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. നരേന്ദ്രമോദിക്കെതിരായ ശിവലിംഗത്തിലെ തേള്‍ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവ് നല്കിയ അപകീര്‍ത്തിക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് തരൂര്‍ കോടതിയെ സമീപിച്ചത്.

🙏 ഹിമാചല്‍ പ്രദേശില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ രണ്ടുമാസത്തെ ശമ്പളം കൈപ്പറ്റിയില്ല. മന്ത്രിമാര്‍ക്ക് പുറമേ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാര്‍, ക്യാബിനറ്റ് റാങ്കിലുള്ള മറ്റ് പദവിയിലിരിക്കുന്നവര്‍ എന്നിവരും ശമ്പളം വാങ്ങിയില്ല.

🙏 പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് 4.59 കോടിയുടെ ജിഎസ്ടി നോട്ടീസ്. നികുതിയും പലിശയും പിഴയും ഉള്‍പ്പെടെയുള്ള തുകയാണിത്. തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും ചരക്ക് സേവന നികുതി അധികൃതരാണ് കമ്പനിക്കെതിരായ നടപടി സ്വീകരിച്ചത്.

🇦🇴 അന്തർദേശീയം 🇦🇺

🙏 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു മത്സരം നടക്കുന്നതിന്റെ സൂചന നല്‍കി അഭിപ്രായ സര്‍വേ. ഏറ്റവും പുതിയ വോള്‍സ്ട്രീറ്റ് ജേണല്‍ സര്‍വേയില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലയ്ക്ക് 48% പിന്തുണയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് 47% പിന്തുണയുമാണു രേഖപ്പെടുത്തിയത്.

⚽🤽🏻‍♀️🏋️‍♀️കായികം🏑🏏🏹

🙏 പോര്‍ച്ചുഗീസിന്റെ ലോകോത്തര ഫുട്ബോള്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദരിച്ച് യുവേഫ. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ കൂടിയായ ക്രിസ്റ്റിയാനോക്കുള്ള യുവേഫയുടെ ആദരം.

Advertisement