‘ജയസൂര്യയുടെ അതിക്രമം പിഗ്‍മാൻ ഷൂട്ടിങ് ലൊക്കേഷനിൽ’; താല്‍പ്പര്യമില്ലെന്ന് മനസിലായപ്പോൾ മാപ്പ് പറഞ്ഞെന്ന് നടി

Advertisement

‌തിരുവനന്തപുരം: പിഗ്‍മാൻ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണു തനിക്കെതിരെ ജയസൂര്യയുടെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടായതെന്ന് നടി. അവിരാ റബേക്ക എന്നാണ് ചിത്രത്തിന്റെ സംവിധായകന്റെ പേര്. ഒരു പന്നി വളര്‍ത്തല്‍ കേന്ദ്രത്തിലായിരുന്നു ലൊക്കേഷന്‍. പഴയ കെട്ടിടമാണ്. രമ്യ നമ്പീശനൊക്കെ ഷൂട്ടിങ്ങിനുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

‘‘സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമാക്കാര്‍ വലിയ വിലകൊടുക്കാറില്ല. എനിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ കുറച്ചു കൂടി ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് നടന്‍ എന്നെ കയറിപ്പിടിച്ചു. എനിക്ക് താല്‍പ്പര്യമില്ലെന്നു മനസിലായപ്പോൾ മാപ്പ് പറഞ്ഞു. നമുക്ക് പിടിച്ചുമാറ്റാൻ കഴിയാത്ത രീതിയിൽ ശക്തമായിരുന്നു ജയസൂര്യയുടെ കൈകൾ’’ – നടി പറഞ്ഞു.

തനിക്കെതിരെ ധാരാളം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. രണ്ട് കോടി വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിനു പിന്നില്‍ ഏതാനും യൂട്യൂബ് ചാനലുകളാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ നടി പറഞ്ഞു.