താലൂക്ക് ആശുപത്രിയിലെ ബെഡിൽ നിന്ന് കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ 9 പേരെ സ്ഥലംമാറ്റി

Advertisement

കായംകുളം: താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ കൂട്ട നടപടി. സംഭവം നടന്ന സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ ഒൻപത് പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി. ഏഴ് നഴ്‌സുമാരെയും നഴ്‌സിംഗ് അസിസ്റ്റൻ്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ ജീവനക്കാർക്ക്‌ ഗുരുതര വീഴ്‌ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ്‌ കണ്ടെത്തിയിരുന്നു.

പനി ബാധിച്ച് കായംകുളം താലൂക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിലെ ബെഡിൽ നിന്നായിരുന്നു കുട്ടിയുടെ തുടയിൽ മാറ്റാർക്കോ ഉപയോഗിച്ച സൂചി തുളച്ചു കയറിയത്. സംഭവത്തിൽ ആശുപത്രിയിലെത്തി അന്വേഷണം നടത്തിയ ജില്ലാ നഴ്‌സിങ്‌ ഓഫീസറുടെ റിപ്പോർട്ട്‌, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ്‌ നടപടിക്ക് ശുപാർശ ചെയ്തത്. ജീവനക്കാർക്ക്‌ ഗുരുതര വീഴ്‌ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ്‌ കണ്ടെത്തി. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിങ്‌ ജീവനക്കാർ, അസിസ്റ്റന്റുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കെതിരെയാണ്‌ നടപടി.

ആരോഗ്യവകുപ്പിന്‌ കീഴിലുള്ള ഹെഡ്‌ നഴ്‌സുമാർക്കെതിരെ നടപടി ശുപാർശ ചെയ്‌ത്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടർക്കും റിപ്പോർട്ട്‌ കൈമാറിയിരുന്നു. സംഭവത്തിൽ കുട്ടിക്ക്‌ മൂന്ന്‌, ആറ്‌ മാസങ്ങളിൽ മാത്രം എച്ച്‌ഐവി പരിശോധന നടത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്‌ദ്ധ പാനലിന്റെ വിലയിരുത്തൽ. കുട്ടിയുടെ ശരീരത്തിൽ കയറിയ സൂചിയിൽ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്നും എച്ച്‌ഐവി ബാധയ്‌ക്കുള്ള സാധ്യത വിരളമാണെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം.