നടിയുടെ പരാതി; അഡ്വ. വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞ് കോടതി; സെപ്റ്റംബർ 3 വരെ അറസ്റ്റ് പാടില്ല

Advertisement

കൊച്ചി: നടിയുടെ പരാതിയിൽ അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. സെപ്റ്റംബർ 3 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ കേസ് എടുത്തത്. വി എസ് ചന്ദ്രശേഖരൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

നടിയുടെ ലൈം​ഗികാതിക്രമണ പരാതിയെ തുടർന്ന് വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെച്ചിരുന്നു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം. കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.

നടി ഉന്നയിച്ച ആരോപണം കളവാണെന്നായിരുന്നു ‌ചന്ദ്രശേഖരന്റെ പ്രതികരണം. താരത്തിനൊപ്പം ഒരിക്കൽ പോലും ഒന്നിച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ പൊതു ജീവിതവും പ്രഫഷണൽ ജീവിതവും അവസാനിപ്പിക്കുമെന്നും വി എസ് ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisement