തിരുവനന്തപുരം. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിന്റെ രാജിക്കാര്യം ചർച്ച ചെയ്തില്ല. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ച നടക്കും. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും മുകേഷിന്റെയും അഭിപ്രായം അറിഞ്ഞ ശേഷമാകും പാർട്ടി തീരുമാനമെടുക്കുക.
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഘടക കക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം രാജ്യക്കാര്യത്തിൽ തീരുമാനമെടുക്കും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ സംഘടനാ വിഷയങ്ങളും സമ്മേളനവും ആണ് സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചാവിഷയമായത്. നാളെ ചേരുന്ന സംസ്ഥാന സമിതി യോഗം വിഷയം ചർച്ച ചെയ്യട്ടെ എന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. കൊല്ലത്തു നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേൾക്കും .
മുകേഷിന് പറയാനുള്ളതു കൂടി പരിഗണിച്ചാകും സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുക. ആരോപണത്തിൽ കൊല്ലം ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വിമർശനമാണ് മുകേഷിനെതിരെ ഉണ്ടായത്. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കൊല്ലത്തുനിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടാൽ നേതൃത്വം ഇത് ഗൗരവമായി പരിഗണിക്കും. തനിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആണ് നടക്കുന്നതെന്ന വാദമാകും മുകേഷ് സംസ്ഥാന നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കുക. ഘടകകക്ഷികളിൽ നിന്നും പാർട്ടിയിൽ നിന്നും സമ്മർദ്ദം ഉയർന്ന സാഹചര്യത്തിൽ നാളത്തെ സംസ്ഥാന സമിതി യോഗം നിർണായകമാകും