എം മുകേഷ്, നിയമസഭാംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിഷേധം

Advertisement

തിരുവനന്തപുരം.എം മുകേഷ്, നിയമസഭാംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളിൽ മുകേഷ് രാജിവെച്ചില്ലെങ്കിൽ എകെജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് സാമൂഹ്യപ്രവർത്തക പ്രൊഫസർ കുസുമം ജോസഫ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കൊല്ലത്ത് വുമൺ ജസ്റ്റിസ് മുവ്മെൻറിൻ്റെയും മഹിളാ കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് എം മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചിലർ ഓഫീസിന് മുന്നിൽ റീത്തു വച്ചു. മുകേഷ് രാജിവെക്കും വരെ സമരമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം. പി.

മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടറിയറ്റ് മാർച്ച്. പോലീസ് തടഞ്ഞതോടെ സംഘർഷം. മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരത്ത് മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രവര്ത്തകര് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.

മുകേഷിന്റെ ഓഫീസിലേക്ക് എസ് ഡി പി ഐയും പട്ടത്താനത്തെ വസതിയിലേക്ക് ബി.ജെ.പിയും പ്രതിഷേധ മാർച്ച്നടത്തി.