കൊച്ചി . പീഡന പരാതിയിൽ അന്വേഷണസംഘത്തെ വട്ടം കറക്കി എം മുകേഷ് എംഎൽഎ. പീഡനം നടന്നുവെന്ന് പരാതിക്കാരി ആരോപിച്ച ഫ്ലാറ്റിന്റെ താക്കോൽ അന്വേഷണ സംഘത്തിന് കൈമാറാതെയാണ് മുകേഷ് അന്വേഷണസംഘത്തെ വട്ടം ചുറ്റിക്കുന്നത്. ഇന്നലെ മരടിലെ ഫ്ലാറ്റിൽ തെളിവെടുപ്പിന് അന്വേഷണസംഘം എത്തിയെങ്കിലും ഏറെനേരം കാത്തുനിന്നിട്ടും താക്കോൽ ലഭിക്കാത്തതിനാൽ മടങ്ങി പോവുകയായിരുന്നു. ഫ്ലാറ്റിന്റെ രണ്ടു താക്കോലുകളും മുകേഷ് വാങ്ങി കൈവശം വച്ചു എന്നാണ് കെയർടേക്കർ പോലീസിനെ അറിയിച്ചത്
നടനും എംഎൽഎയും ആയ മുകേഷ് പീഡിപ്പിച്ചു എന്ന പരാതിയിൽ എഫ്ഐആർ എടുക്കുകയും പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ എംഎൽഎ തന്നെ വട്ടം ചുറ്റിക്കുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് മുകേഷിന്റെ മരടിലുള്ള ഫ്ലാറ്റിൽ വെച്ച് എന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്.ഇവിടെനിന്ന് തെളിവ് ശേഖരിക്കുന്നതിനായി അന്വേഷണസംഘം ഇന്നലെ ഫ്ലാറ്റിൽ എത്തിയിരുന്നു. എന്നാൽ ഫ്ലാറ്റിന്റെ രണ്ട് താക്കോലുകളും മുകേഷിന്റെ കൈവശം എന്ന മറുപടിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.ഫ്ലാറ്റിൽ തെളിവ് ശേഖരണത്തിന് എത്തുന്ന വിവരം മുകേഷിനെ നേരത്തെ അറിയിച്ചിട്ടും ഫ്ലാറ്റ് തുറന്നു നൽകാത്തത് അന്വേഷണ സംഘത്തെയും പ്രതിസന്ധിയിലാക്കി.ഭരണകക്ഷി എംഎൽഎ ആയതിനാൽ മുഷിയാനും ഭയം. കുറച്ചുനേരം കാത്തുനിന്ന ശേഷം അന്വേഷണസംഘം മടങ്ങുകയായിരുന്നു. അടുത്തദിവസം ഫ്ലാറ്റിന്റെ താക്കോൽ എത്തിച്ച് അന്വേഷണത്തോട് സഹകരിക്കണമെന്ന് നിർദ്ദേശവും മുകേഷിന് നൽകിയിട്ടുണ്ട്. തെളിവ് ശേഖരിക്കൽ അടക്കം പ്രധാനപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുകേഷിന്റെ നിസ്സഹകരണം തടസ്സമാകുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.തുടരന്വേഷണമായി മുകേഷ് നിസ്സഹകരിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കാനും അന്വേഷണസംഘം തയ്യാറെടുക്കുന്നുണ്ട്