ഭാര്യക്ക് ചെങ്കോല്‍ കൈമാറി ചീഫ് സെക്രട്ടറി ഇന്ന് പടിയിറങ്ങുന്നു

Advertisement

തിരുവനന്തപുരം. ചീഫ് സെക്രട്ടറി വി വേണു ഇന്ന് വിരമിക്കും. കാലാവധി പൂർത്തിയാക്കി വി വേണു പടിയിറങ്ങുമ്പോൾ പകരമെത്തുന്നത് ജീവിതപങ്കാളി കൂടിയായ ശാരദ മുരളീധരനാണ്. ഭർത്താവിൽ നിന്ന് ഭാര്യ ചുമതലയേൽക്കുന്നു എന്ന അപൂർവ ചരിത്രത്തിന് കൂടിയാണ് സംസ്ഥാനം സാക്ഷിയാകുന്നത്. സംസ്ഥാനത്തിന്‍റെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയായാണ് ശാരദ മുരളീധരൻ ചുമതലയേൽക്കുക.

34 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി ഡോ വി വേണു പടിയിറങ്ങുന്നത്. ചീഫ് സെക്രട്ടറിയായി ഒരു വർഷവും രണ്ടു മാസവും സേവനം അനുഷ്ഠിച്ചു. കേരളത്തിൽ നിന്ന് IAS ലഭിച്ച രണ്ടാമത്തെ MBBS ബിരുദധാരി കൂടിയാണ് വേണു. ഭാര്യ കൂടിയായ മുതിർന്ന IAS ഉദ്യോഗസ്ഥ ശാരദ മുരളീധരന് ചീഫ് സെക്രട്ടറി പദവി കൈമാറിയാണ് ഡോ വി വേണു പദവി ഒഴിയുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ചീഫ് സെക്രട്ടറിയായ ഭർത്താവ് വിരമിക്കുമ്പോൾ ഭാര്യ പദവി ഏറ്റെടുക്കാൻ പോകുന്നത്. വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് സംസ്ഥാന സർക്കാർ ഇന്നലെ ഔദ്യോഗിക യാത്രയയപ്പ് നൽകിയിരുന്നു. കലാരംഗത്തും, പൊതുപ്രവ്രതനങ്ങളിലും സജീവമകാണ് ഡോ വി വേണുവിൻ്റെ തീരുമാനം. 1990 ബാച്ചിലെ IAS ഉദ്യോഗസ്ഥരാണ് വി വേണുവും ഭാര്യ ശാരദ മുരളീധരനും. ഇന്ന് വൈകിട്ട് 3:00 മണിക്കാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതല ഏൽക്കുന്നത്.