ട്രെയിൻ സർവീസുകളിൽ മാറ്റം, രണ്ട് ട്രെയിൻ റദ്ദാക്കി, ചിലതിന് ഭാ​ഗിക നിയന്ത്രണം

Advertisement

എറണാകുളം: അങ്കമാലി യാഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം. സെപ്റ്റംബർ ഒന്നു മുതലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം ഉണ്ടാകുക. രണ്ട് ട്രെയിൻ സർവീസുകൾ പൂർണ്ണമായും നാല് ട്രെയിൻ സർവീസുകൾ ഭാഗികമായും റദ്ദാക്കി. പാലക്കാട് – എറണാകുളം ജങ്ഷൻ മെമു, എറണാകുളം ജങ്ഷൻ – പാലക്കാട് മെമു എന്നിവയാണ് പൂർണമായി റദ്ദാക്കിയ സർവീസുകൾ.

തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ഇന്ന് ആലുവയിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് നാളെ എറണാകുളം ജങ്ഷനിൽ സർവീസ് നിർത്തും. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം ​ടൗണിലും കണ്ണൂർ – ആലപ്പുഴ എക്സപ്രസ് ഷൊർണൂരിലും ഞായറാഴ്ച സർവീസ് അവസാനിപ്പിക്കും.

പാലക്കാട് – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ഞായറാഴ്ച ആലുവയിൽ നിന്ന് വൈകിട്ട് 6.05-ന് ആകും പുറപ്പെടുക. പാലക്കാടിനും ആലുവയ്ക്കും ഇടയിൽ സർവീസ് റദ്ദാക്കും. കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ഞായറാഴ്ച എറണാകുളം ജങ്ഷനിൽ നിന്ന് വൈകിട്ട് 5.25ന് പുറപ്പെടും. കോഴിക്കോടിനും എറണാകുളത്തിനും ഇടയിൽ സർവീസ് റദ്ദാക്കും.ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഞായറാഴ്ച വൈകിട്ട് 7.50ന് ഷൊർണൂരിൽ നിന്ന് സർവീസ് ആരംഭിക്കും. ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിൽ സർവീസ് ഉണ്ടാകില്ല. സമയബന്ധിതമായി പണിപൂർത്തിയായില്ലെങ്കിൽ വരും ദിവസങ്ങളിലും നിയന്ത്രണം തുടരും

Advertisement