കൺവീനർ മാറിയാലും ഇടതുമുന്നണി രക്ഷപ്പെടില്ല: കെ. സി. വേണുഗോപാൽ

Advertisement

പടിഞ്ഞാറെ കല്ലട: കേവലം കൺവീനറെ മാറ്റിയതു കൊണ്ട് ഇടതുമുന്നണി രക്ഷപ്പെടില്ലെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ M.P പറഞ്ഞു. സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്നവർ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ട് എന്ത് നടപടി കൈക്കൊണ്ടുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

സംസ്ഥാനത്തെ കഴിഞ്ഞ എട്ടുവർഷമായി സാമ്പത്തിക തകർച്ചയിൽ എത്തിച്ച ഇടതുമുന്നണിയെ ജനം വെറുത്തിരിക്കുകയാണെന്നും, വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്. ബിജെപിക്ക് യാതൊരു കാരണവശാലും പഴയതുപോലെ അവരുടെ അജണ്ടകൾ നടപ്പാക്കുവാൻ ഇനി സാധിക്കുകയില്ല. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ വലിയ തിരിച്ചു വരവാണ് ഉണ്ടായിരിക്കുന്നത്.

സ്വാതന്ത്ര്യ സമരത്തെ വികലമായി ചിത്രീകരിക്കുകയും, മഹാത്മാക്കളെയും സ്വാതന്ത്ര്യ സമര സേനാനികളെയും മോശമായി അവതരിപ്പിക്കുകയും ചെയ്യുന്ന, പാഠപുസ്തകങ്ങളിൽ നിന്ന് നെഹ്റുവിന്റെയും ഗാന്ധിജിയുടെയും ഉൾപ്പെടെയുള്ള ധീര ദേശാഭിമാനികളുടെ ചരിത്രംവരെ മാറ്റി എഴുതുവാൻ ശ്രമിക്കുന്ന ബിജെപിയുടെ അജണ്ട ഇനി ഇന്ത്യയിൽ നടപ്പിലാകില്ല എന്നും കെ.സി വേണുഗോപാൽ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതും അവർക്ക് സ്മാരകങ്ങൾ പണിയേണ്ടതും പുതുതലമുറയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യസമരസേനാനിയും പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ ദീർഘകാലം പ്രസിഡന്റും പടിഞ്ഞാറെ കല്ലട സർവീസ് സഹകരണ ബാങ്ക് സ്ഥാപകനുമായിരുന്ന കാരുവള്ളിൽ ഗോപാലപിള്ളയുടെ സ്മാരകമായി പടിഞ്ഞാറെ കല്ലടയിൽ നിർമ്മിച്ച കോൺഗ്രസ് ഭവൻ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുവള്ളിൽ ഗോപാലപിള്ളയെ പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ ഓർക്കേണ്ടത് പുതിയ തലമുറയുടെ കടമയാണെന്നും അവരുടെ ദീപ്തമായ ഓർമ്മകൾ നമ്മെ മുൻപോട്ടു നയിക്കുമെന്നും കോൺഗ്രസിന് പുതുജീവൻ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ദിര ഉദ്ഘാടന വേളയിൽ കാരുവള്ളി ഗോപാലപിള്ളയുടെ പേരിൽ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശന കർമ്മവും അദ്ദേഹം നിർവഹിച്ചു. മന്ദിരത്തിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന ഹാളിന് ജി യേശുദാസന്റെ പേരാണ് നൽകിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഭൂപണയബാങ്ക് പ്രസിഡണ്ടും 4002 സർവീസ് സഹകരണ ബാങ്ക് ഡയറക്ർ ബോർഡ് അംഗവും ദീർഘനാൾ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും ആയിരുന്ന ജി.യേശുദാസിന്റെ പേരുള്ള ഹാളിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ്. M. P നിർവഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ആമുഖ പ്രഭാഷണം നടത്തി. കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കല്ലട ഗിരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.സി വിഷ്ണുനാഥ് എം.എൽ.എ, C.R. മഹേഷ്‌ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ഡോ. ശൂരനാട് രാജശേഖരൻ, അഡ്വ.ബിന്ദു കൃഷ്ണ, അഡ്വ. പഴകുളം മധു, എം. എം.നസീർ, കെ.സി. രാജൻ, ആർ. ചന്ദ്രശേഖരൻ, അഡ്വ.പി ജർമിയാസ്, എം.വി.ശശി കുമാരൻ നായർ, വൈ. ഷാജഹാൻ, തൊടിയൂർ രാമചന്ദ്രൻ, സൂരജ് രവി, അഡ്വ. ബി. തൃദീപ് കുമാർ, R. രാജശേഖരൻ, ഗോകുലം അനിൽ, തുണ്ടിൽ നൗഷാദ്, കാരക്കാട്ട് അനിൽ, കെ. സുകുമാരപിള്ള, തടത്തിൽ സലിം, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കടപുഴ മാധവൻ പിള്ള സ്വാഗതവും പി അശോകൻ നന്ദിയും പറഞ്ഞു.

Advertisement