സിനിമയിൽ പവർ ഗ്രൂപ്പില്ല, മമ്മൂട്ടി,താൻ പവർ ഗ്രൂപ്പിൻ്റെ രക്തസാക്ഷിയെന്ന് പ്രിയനന്ദനൻ

Advertisement

കൊച്ചി.സിനിമ മേഖലയിലെ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. സിനിമയിൽ പവർ ഗ്രൂപ്പില്ലെന്നും, അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല സിനിമയെന്നും മമ്മൂട്ടി. സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും കൈകോർത്തു നിൽക്കേണ്ട സമയമാണിതെന്നും മമ്മൂട്ടി. പവർ ഗ്രൂപ്പില്ല എന്ന മമ്മൂട്ടിയുടെ വാദത്തെ തള്ളി സംവിധായകൻ പ്രിയനന്ദൻ രംഗത്തെത്തി. താൻ പവർ ഗ്രൂപ്പിൻ്റെ രക്തസാക്ഷിയെന്നും പ്രിയനന്ദനൻ പറഞ്ഞു.

വളരെ വൈകിയുള്ള മമ്മൂട്ടിയുടെ നിലപാട് പ്രഖ്യാപനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു. പ്രതികരണം വൈകിയത് സംഘടനയും നേതൃത്വവും, ആദ്യം പ്രതികരിക്കുക എന്ന സംഘടനാ മര്യാദ കൊണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർ ഗ്രൂപ്പ് എന്ന കണ്ടെത്തൽ മമ്മൂട്ടി തള്ളി. എന്നാൽ സമൂഹത്തിലെ നന്മതിന്മകൾ ഒക്കെ സിനിമയിലും ഉണ്ടെന്ന് വ്യക്തമാക്കി. അനഭിലഷണീയമായത് സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും ഉപദേശം. ഹേമ കമ്മറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത മമ്മൂട്ടി, റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ എല്ലാ കൂട്ടായ്മകളും വേർതിരിവില്ലാതെ കൈകോർത്തു നിൽക്കേണ്ട സമയമാണെന്നും വ്യക്തമാക്കി. പോലീസ് അന്വേഷിക്കുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്യട്ടെ എന്നും മമ്മൂട്ടി കുറിച്ചു. കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗിക ശുപാർശകൾ നടപ്പാക്കാൻ നിയമ തടസ്സങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും സർക്കാരിനോട് അഭ്യർത്ഥന.

എന്നാൽ പവർ ഗ്രൂപ്പില്ല എന്ന മമ്മൂട്ടിയുടെ വാദത്തെ സംവിധായകൻ പ്രിയനന്ദൻ തള്ളി. പൃഥ്വിരാജും കാവ്യാമാധവനും അഭിനയിച്ച തൻ്റെ സിനിമ ആറു ദിവസത്തെ ഷൂട്ടിന് ശേഷം മുടങ്ങി. വിനയന്റെ സിനിമയിൽ അഭിനയിച്ചതിന് പൃഥ്വിരാജ് നോടുള്ള പവർ ഗ്രൂപ്പിൻറെ പകയായിരുന്നു കാരണമെന്നും പ്രിയനന്ദൻ.

കഴിഞ്ഞദിവസമാണ് അമ്മ അഡ്ഹോക് കമ്മിറ്റി അധ്യക്ഷൻ മോഹൻലാൽ വിഷയത്തിൽ പ്രതികരിച്ചത്. മമ്മൂട്ടിയുടെ അതേ അഭിപ്രായമായിരുന്നു മോഹൻലാലിനും.

Advertisement