നിങ്ങള്‍ക്ക് പുതുവര്‍ഷം എങ്ങനെ, ജന്മനക്ഷത്ര പ്രകാരം ഗുണമോ ദോഷമോ അറിയാം

Advertisement

അശ്വതി
പൊതുവിൽ അശ്വതിക്ക് ഗുണകരം എന്ന് പറയാമെങ്കിലും ജന്മഗ്രഹ നിലയിലെ കേതുവിന്റെ സ്ഥാനം നിർണായകമാണ്. വ്യാഴത്തിന്റെ സ്ഥിതി ധനപരമായി ഗുണങ്ങൾ നൽകും. ശനിയുടെ അനുകൂലത മീനം പകുതി വരെ തുടരപ്പെടുന്നതിനാൽ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം ഫലവത്താകും. ഗൃഹത്തിലെ വയോജനങ്ങൾക്ക് ആരോഗ്യപരമായും മറ്റും സ്വസ്ഥതയുണ്ടാവും. പൂർവ്വികസ്വത്ത് സ്വന്തം പേരിൽ എഴുതപ്പെടാം. വ്യാഴത്തിൻ്റെ സുസ്ഥിതി കുടുംബ ഭദ്രതയ്ക്കും ധനോന്നതിക്കും വഴിതെളിക്കും. വിദ്യാർത്ഥികൾക്ക് പഠന മികവുണ്ടാകും. തൊഴിൽ തേടുന്നവർക്ക് സ്ഥിരജോലി ലഭിക്കും. പദവികളോടുകൂടിയ ജോലിക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയും പ്രതീക്ഷിക്കാം. പരിശ്രമങ്ങൾ സഫലമാവും. എന്നാൽ വർഷാവസാനം ഏഴരശ്ശനിയുടെ ആരംഭം അത്ര സുഖകരമായിരിക്കില്ല.

ഭരണി

ചിങ്ങമാസത്തിൽ തുടങ്ങുന്ന പുതുവർഷം ഗുണകരമാണ്. പ്രധാന ഗ്രഹങ്ങൾക്ക് സൽഭാവങ്ങളിൽ സ്ഥിതി ഉള്ളതിനാൽ വളരെയധികം പ്രയോജനം ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനും ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനം നടത്താനുമാവും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. കച്ചവടം ലാഭകരമാവും. പുതിയ വരുമാനമാർഗം തുറന്നു കിട്ടുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. അന്യദിക്കിൽ നിന്നും ജന്മനാട്ടിലേക്ക് മാറ്റം കിട്ടാനിടയുണ്ട്. കുടുംബ ബന്ധം കൂടുതൽ ഊഷ്മളമാകും. പ്രണയികൾക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാൻ സാധിച്ചേക്കും. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്തിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്.നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരിച്ചു കിട്ടും. ആദ്യ പകുതിക്കു ശേഷം എല്ലാ കാര്യങ്ങളും വിചാരിച്ചതു പോലെ നടക്കില്ല

കാർത്തിക

വ്യവഹാരങ്ങളിൽ വിജയിക്കാൻ സാധ്യമാകും. അവിവാഹിതർക്ക് വിവാഹം നടന്നേക്കും. കാര്യക്ഷമത മേലധികാരികളുടെ പ്രീതിക്ക് കാരണമാകും. കെട്ടിടം വാടകയ്ക്ക് കൊടുക്കാൻ സാധിക്കും. നിക്ഷേപങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് സാമ്പത്തിക ശേഷി ഉയർത്താൻ . ദൈവാധീനം വർധിപ്പിക്കണം. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ അവഗണിക്കരുത്. ശത്രുക്കളെ കരുതിയിരിക്കുക.കിട്ടാക്കടങ്ങൾ കിട്ടിയേക്കും. പുതിയ ജോലിക്കായുള്ള ശ്രമം ലക്ഷ്യത്തിലെത്തും.

രോഹിണി

കണ്ടകശനി, ജന്മവ്യാഴം തുടങ്ങിയ പ്രതികൂലതകൾ ഉള്ള വർഷമാണ്. കാര്യതടസ്സം പലപ്പോഴും വിഷമിപ്പിക്കും. നവസംരംഭങ്ങൾക്കും വലിയ മുതൽമുടക്കിനും അത്ര അനുകൂലമായ വർഷമല്ല.മാനസിക സമ്മർദം ഒഴിവാക്കാനുള്ള വഴികൾ സ്വയം കണ്ടെത്തണം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം തീർച്ചയായും കൈക്കൊള്ളണം. കരാറു ജോലികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല. ചെലവിനങ്ങൾക്ക് നിർബന്ധ നിയന്ത്രണം ഏർപ്പെടുത്തുക. ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ വൈകാം. മക്കളുടെ കാര്യത്തിൽ ചില ആശങ്കകൾ ഉയരുന്നതാണ്. മീനമാസം മുതൽ ഗുണാനുഭവങ്ങൾ വന്നുതുടങ്ങും. സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കപ്പെടും. അവിവാഹിതർക്ക് വിവാഹം നടക്കുന്നതാണ്. പുതിയ കാര്യങ്ങൾ പ്രായോഗികമാക്കാൻ കഴിഞ്ഞേക്കും. ആദായം തൃപ്തികരമാവും. തുലാം, കുംഭം, മീനം, കർക്കിടകം എന്നീ മാസങ്ങൾ കൂടുതൽ ഗുണകരങ്ങളാവും.

മകയിരം

സമ്മിശ്രഫലങ്ങളാണ് ഈ വർഷം അധികവും വന്നുചേരുന്നത്. വിദ്യാഭ്യാസത്തിനോ തൊഴിലിനോ അന്യനാട്ടിൽ പോകേണ്ട സ്ഥിതി തള്ളിക്കളയാനാവില്ല. നാട്ടിലേക്ക് ജോലിമാറ്റം പ്രതീക്ഷിക്കുന്നവർക്ക് വർഷത്തിൻ്റെ ആദ്യപകുതി വരെ കാത്തിരിക്കേണ്ടി വരാം. സ്വാശ്രയ ബിസിനസ്സ് നോക്കിനടത്താൻ ആരെയെങ്കിലും ഏല്പിക്കാനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് വേഗത കുറയും. മാതാപിതാക്കളെ ജോലിസ്ഥലത്ത് കൊണ്ടുപോകാനുള്ള ശ്രമം ഫലിച്ചേക്കും. ആഗ്രഹിച്ച ജോലി സ്വന്തമാക്കും. ഗൃഹമാറ്റത്തിന് ധൃതി കൂട്ടും. വിദ്യാർഥികൾക്ക് ഉന്നത വിജയം വരിക്കാൻ കഴിയും. ധനപരമായി നല്ല ഉയർച്ച ഉണ്ടാകും.തീർത്ഥാടനയോഗമുണ്ട്.

തിരുവാതിര

ഗുണവും ദോഷവും കലർന്നിട്ടുള്ള അനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ ലഭിക്കാം. എന്നാൽ അധ്വാനം കൂടുതൽ, വേതനം കുറവ് എന്നീ പ്രശ്നങ്ങൾ വരാം. ന്യായമായ വരുമാനം പ്രതീക്ഷിക്കാം. എന്നാൽ ചെലവ് ഉയരുന്നതായിരിക്കും. നാലിലെ കേതു ഗൃഹത്തിൽ അസമാധനം ഉണ്ടാക്കാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം. സർക്കാർ ആനുകൂല്യങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.അവ്യക്തതയോടു കൂടിയ പണമിടപാടിൽ നിന്നും പിൻമാറുക. തൊഴിൽ രംഗങ്ങളിൽ പ്രകടമായ മാറ്റം അനുഭവപ്പെടുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. കൂടുതൽ പ്രവർത്തിച്ച് സ്വല്‍പം അനുഭവഫലങ്ങൾ ഉണ്ടാവാനാണ് ഈ വർഷം യോഗം. ഉന്നതരുമായി സൗഹൃദ ബന്ധം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉത്ഭവിക്കും. മകരമാസത്തിനു ശേഷം നേട്ടങ്ങൾ ഉണ്ടാക്കാനാവും. രാഷ്ട്രീയ വിജയത്തിന് സാഹചര്യം ഒരുങ്ങും. ദാമ്പത്യത്തിൽ സ്വസ്ഥതയും ഐക്യവും മടങ്ങിവരുന്നതാണ്.

പുണർതം

വർഷത്തിന്റെ ആദ്യ പകുതി സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കാൻ അവസരമുണ്ടാകും. ശ്രമകരമായ പ്രവർത്തനം വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. ഭൂമി വ്യാപാരത്തിൽ ലാഭം കുറയുന്നതാണ്. ചെയ്തുവരുന്ന ഉദ്യോഗം ഉപേക്ഷിച്ച് പുതുതൊഴിൽ തേടുന്നത് ആശാസ്യമാകില്ല. എന്നാൽ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കപ്പെടുകയും ചെയ്യും. സ്വന്തക്കാരുമായുള്ള പിണക്കം അവസാനിക്കും. പരിചയസമ്പത്തിനാൽ വിദേശത്ത് ജോലി ലഭിക്കുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. പ്രണയബന്ധങ്ങളിൽ ശക്തിയായ തീരുമാനം കൈക്കൊള്ളേണ്ടി വരും.

പൂയം

ജീവിതത്തെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുന്ന ഫലങ്ങൾ നൽകുകയും ചെയ്യുന്ന ഒരു വർഷമാണിത്. പ്രയത്നം പാഴാവുകയില്ല. ആസൂത്രണം ചെയ്ത കാര്യങ്ങൾ നിർവഹണസന്ധിയിൽ എത്തിക്കാനാവും.ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തും. ആദ്യ പകുതിക്കു ശേഷം ഗുണഫലം കുറയും. ഉപകാരം ചെയ്തു കൊടുത്ത ചിലരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. മേലധികാരികളുടെ ഇഷ്ടം പിടിച്ചു പറ്റും. പരീക്ഷകളിലും അഭിമുഖങ്ങളിലും ചെറുപ്പക്കാർക്ക് വിജയിക്കാൻ കഴിയും. കുടുംബ ബന്ധങ്ങളിലെ ഭിന്നിപ്പ് അവസാനിക്കും. സാമൂഹികമായ അംഗീകാരം ലഭിക്കും. കലാകാരന്മാർക്ക് ധാരാളം അവസരങ്ങൾ കൈവരുന്നതാണ്.ആധ്യാത്മിക ആത്മീയ പ്രഭാക്ഷണങ്ങൾ ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള മനസ്സിനെ ഉണർത്തും.

ആയില്യം

വർഷത്തിന്റെ ആദ്യ പകുതി സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കാൻ അവസരമുണ്ടാകും. സന്ദർഭോചിതമായി പ്രവർത്തിക്കാൻ കഴിവ് നേടുന്നതാണ്. പഠനത്തിനനുസരിച്ച് ജോലി കിട്ടാതെ വിഷമിക്കുന്നവർക്ക് അർഹമായ തസ്തികകളിൽ നിയമനം ലഭിക്കുന്നതായിരിക്കും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സന്താനലാഭം ഉണ്ടാകും. കടബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കാൻ സാധ്യത കാണുന്നു. ചിട്ടി, നറുക്കെടുപ്പ് മുതലായവയിലൂടെ ധനം ലഭിക്കുന്നതാണ്. രോഗഗ്രസ്തർക്ക് പാരമ്പര്യ ചികിൽസാരീതിയിൽ നിന്നും ആശ്വാസം സിദ്ധിക്കും. കന്നി, ധനു, മേടം, ഇടവം മാസങ്ങളിൽ ആകസ്മിക നേട്ടങ്ങൾ വന്നുചേരുന്നതാണ്.

മകം
വർഷത്തിന്റെ ആദ്യ പകുതി അത്ര ശുഭമല്ല. സാമ്പത്തിക ചെലവുകൾ വർധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിതമായ ചില തടസ്സങ്ങൾ ഉണ്ടാകും. വ്യാപാര രംഗത്ത് ലാഭമുണ്ടാക്കാൻ കഠിന പ്രയത്നം വേണ്ടി വരും.
ക്ഷമയും അച്ചടക്കത്തോടെയുള്ള പ്രവർത്തനവും വിജയം കാണും. കൊച്ചു കൊച്ചു സന്തോഷങ്ങൾ വന്നെത്തും. പുതിയ ജോലി തേടുന്നവർക്ക് താൽകാലിക ജോലിയോ കരാർ പണികളോ കിട്ടുന്നതാണ്. വലിയ മുതൽമുടക്കോ, കടം വാങ്ങി മുതലിറക്കുന്നതോ ഗുണകരമാവില്ല. മീനമാസം മുതൽ ഉദ്യോഗത്തിൽ ഉയർച്ചയുണ്ടായേക്കും. നിക്ഷേപങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തും. കുടുംബബന്ധം ഊഷ്മളമാകുന്നതാണ്.

പൂരം
വർഷത്തിൻ്റെ ആദ്യ പകുതി അത്ര നല്ലതല്ല.
അന്യരിൽ അമിത വിശ്വാസം നന്നല്ല. മറ്റുള്ളവർക്ക് വേണ്ടി ജാമ്യം നിൽക്കുന്നതും മധ്യസ്ഥത വഹിക്കുന്നതും ഒഴിവാക്കണം. ആദ്യ പകുതിക്കു ശേഷം കാര്യങ്ങൾ പലതും മെച്ചപ്പെടും. തടസ്സപ്പെട്ട കാര്യങ്ങൾ പലതും നടന്നു കിട്ടും. വിവാഹം നടക്കും. ഗൃഹനിർമാണത്തിന് അനുകൂല സാഹചര്യം. ആത്മീയ കാര്യങ്ങളിൽ താല്‍പര്യം വർധിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. കഴിവതും വ്യവഹാരങ്ങൾക്ക് മുതിരരുത്. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി വൈകാം. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ താമസമുണ്ടാവും. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. ചെറിയ സംരംഭങ്ങൾ നേട്ടങ്ങളുണ്ടാക്കും. കരാർ ജോലികൾ തുടർന്നും ലഭിക്കുന്നതായിരിക്കും. ഏജൻസി പ്രവർത്തനത്തിൽ ലാഭം കൈവരിക്കാനാവും. രാഷ്ട്രീയ പ്രവർത്തകർക്ക് ശത്രുക്കൾ വർദ്ധിക്കും. .

ഉത്രം

ചിങ്ങക്കൂറുകാർക്ക് സമ്മിശ്രവും കന്നിക്കൂറുകാർക്ക് ഗുണകരവുമായ വർഷമാണ്. ആസൂത്രണം ചെയ്ത കാര്യങ്ങൾ നിർവഹണത്തിൽ എത്തിക്കാനാവും. തടസ്സങ്ങളെ തൃണവൽഗണിക്കും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ കഴിയും. തന്മൂലം ആശിച്ച വിഷയങ്ങളിൽ ഉപരിപഠനം സാധ്യമാകുന്നതാണ്. വ്യാപാരികൾക്ക് വായ്പാ സൗകര്യം പ്രയോജനപ്പെടുത്താനും ബിസിനസ്സ് നവീകരിക്കാനുമാവും. വാഹനം മാറ്റി വാങ്ങാനോ പുതിയത് തന്നെ വാങ്ങാനോ സാഹചര്യം അനുകൂലമായി വരും. പ്രണയികൾക്ക് വിവാഹബന്ധത്തിലൂടെ ഒന്നിക്കാൻ സാധിക്കുന്നതാണ്. കടക്കെണിയിൽ നിന്നും ഏതാണ്ടൊക്കെ മുക്തിയുണ്ടാവും. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചില തടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കാം. വിദ്യാർഥികൾ പഠനത്തിൽ അശ്രദ്ധ ഒഴിവാക്കണം.

അത്തം

പ്രധാന ഗ്രഹങ്ങൾ അനുകൂല ഭാവത്തിൽ ആകയാൽ സുപ്രധാനമായ വർഷമായിരിക്കും. നേട്ടങ്ങൾ പലതും ഉണ്ടാകുന്ന വർഷമാണിന്. ഉന്നതരുടെ അംഗീകാരവും പിന്തുണയും കൈവരും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക ഞെരുക്കത്തിൽ നിന്നും മോചിതരാവും. ഭൂമിയോ വാഹനമോ സ്വന്തമാക്കാൻ കഴിയുന്നതാണ്.അനുയോജ്യമായ വിവാഹബന്ധം കൈവരുകയും ചെയ്യും ദാമ്പത്യജീവിതം സ്വച്ഛന്ദമാവും. കുട്ടികളുടെ പഠനം, ജോലി മുതലായവയിൽ അനുകൂലത ദൃശ്യമാവും. ബിസിനസ്സുകാർക്ക് പുതുശാഖകൾ തുടങ്ങാനവസരം വന്നെത്തുന്നതാണ്. ആരോഗ്യപരമായി മെച്ചമുണ്ടാവും. വൃശ്ചികം, കുംഭം, മിഥുനം, കർക്കടകം മാസങ്ങൾ കൂടുതൽ ഗുണകരമായിരിക്കും.

ചിത്തിര

ആദ്യ പകുതി വളരെ ശ്രദ്ധയോടെ വർത്തിക്കണം. ദുർവാശി കലഹങ്ങൾക്ക് കാരണമാകും. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൊഴിൽ തേടുന്നവർക്ക് അർഹതയ്ക്കനുസരിച്ച തൊഴിൽ ലഭിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും. വിഭിന്ന ദിക്കിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരം സംജാതമാകും. ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കുവാനാവും. പലകാര്യങ്ങളിലും പുതുമ ആഗ്രഹിക്കുമെങ്കിലും നിലവിലെ സ്ഥിതി തുടരപ്പെടും. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെടില്ല. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവർക്ക് യാത്രാ തടസ്സങ്ങൾ ഒഴിവാകും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കാം

ചോതി

പല കാര്യങ്ങളും ആദ്യം തടസ്സപ്പെടാം. തൊഴിൽ സാഹസങ്ങൾ ഒഴിവാക്കണം. അറിയാത്ത തൊഴിൽ തുടങ്ങരുത്; തുടരരുത്. സാമ്പത്തിക അച്ചടക്കം ഇല്ലെങ്കിൽ കടക്കെണിയിൽ പെടാനിടയുണ്ട്. വ്യവഹാരങ്ങൾക്ക് മുതിരരുത്. രോഗഗ്രസ്തർക്ക് കൂടുതൽ ചികിൽസ വേണ്ടി വരാം.രോഗങ്ങളെ അവഗണിക്കരുത്. സുഹൃദ് ബന്ധങ്ങൾ വർധിക്കുമെങ്കിലും നിലവിലുള്ള സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകാം. ആദ്യ പകുതിക്കു ശേഷം ധനാഗമം വർധിക്കും . വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. മുടങ്ങിക്കിടന്ന സംരംഭങ്ങൾ വീണ്ടും തുടങ്ങുവാനാവും. സാമ്പത്തിക സ്രോതസ്സുകൾ തുറന്നുകിട്ടുന്നതാണ്. പ്രാധാന്യമുള്ള കാര്യങ്ങൾ ശ്രദ്ധയോടെ പൂർത്തീകരിക്കാനാവും. ആത്മവിശ്വാസം ഉയരുന്നതായിരിക്കും.

വിശാഖം

തുലാക്കൂറുകാർക്ക് വർഷത്തിൻ്റെ രണ്ടാം ഭാഗവും വൃശ്ചികക്കൂറുകാർക്ക് പ്രായേണ ആദ്യ പകുതിയും അനുകൂലമാവും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. അമളി പറ്റുവാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധയുണ്ടാവണം. പൊതുക്കാര്യങ്ങളിൽ ദുരാരോപണങ്ങൾ ഉയർന്നേക്കും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങളെ നേരിടേണ്ടി വരുന്നതാണ്. നേട്ടങ്ങളിൽ പരീക്ഷാവിജയം, ഉന്നത പഠന സാധ്യത എന്നിവ ഉൾപ്പെടും. പ്രണയ ബന്ധങ്ങൾ തടസ്സപ്പെട്ടാലും മുന്നേറുന്നതാണ്. ഭൂമി വ്യവഹാരത്താൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം ആരംഭിക്കാനാവും. മകന് ജോലി കിട്ടുക, മകളുടെ വിവാഹം നടക്കുക തുടങ്ങിയവയും ഗുണഫലങ്ങളിൽ ഉൾപ്പെടും.കുടുംബജീവിതം സന്തോഷകരമായിരിക്കും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവർക്ക് യാത്രാ തടസ്സങ്ങൾ ഒഴിവാകും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കാം

അനിഴം
ആദ്യ പകുതി കർമരംഗം പുഷ്ടിപ്പെടും. വിവാഹവിഷയത്തിൽ അനുകൂല സാഹചര്യം വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതായി വരും. സന്താനങ്ങളുടെ കാര്യത്തിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. ആദ്യ പകുതിക്കു ശേഷം കാര്യങ്ങൾ അത്ര ശുഭമായിരിക്കില്ല. തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ അനാവശ്യ സംശയങ്ങൾ ഭാര്യാഭർത്താക്കൻമാർ പരസ്പരം ഒഴിവാക്കണം. ഭൂമിയുടെ ക്രയവിക്രയങ്ങൾക്ക് ശ്രമിക്കുന്നവർക്ക് തടസ്സമുണ്ടാകാം. ഈശ്വര പ്രാർഥന നന്നായി ചെയ്യുക.
യാത്രകൾ ഗുണം ചെയ്യും. കൂട്ടുകച്ചവടം പുഷ്ടി പ്രാപിക്കുന്നതാണ്. പുതുശാഖകൾ ആരംഭിക്കാനാവും. ഉപഭോക്താക്കളുടെ പ്രീതി നേടിയെടുക്കും. അവിവാഹിതർക്കും പ്രണയികൾക്കും സ്വപ്നസാഫല്യത്തിന് അവസരം ഭവിക്കുന്നതായിരിക്കും. വിദേശയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അതിനുള്ള അവസരം സംജാതമാകും.

തൃക്കേട്ട

ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ സഫലമാവുന്ന വർഷമാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. പുതുസൗഹൃദങ്ങൾ ഉണ്ടാവാം. കഴിവിന് അംഗീകാരം ലഭിക്കുന്നതാണ്. മുൻപ് അവഗണന നേരിട്ടവരിൽ നിന്നും പരിഗണനയും ആദരവും സിദ്ധിക്കും. കുടുംബാംഗങ്ങളുടെ സർവ്വാത്മനായുള്ള പിന്തുണ ശക്തിയേകുന്നതാണ്. പ്രവൃത്തിയിൽ നേട്ടങ്ങൾ ഉണ്ടാക്കും. പഠനം, ഉദ്യോഗം തുടങ്ങിയവയിൽ അനുകൂലതയുള്ള കാലമാണ്. അന്യദേശത്തേക്കും/വിദേശത്തേക്കും ഉള്ള യാത്രകൊണ്ട് നേട്ടങ്ങൾ വന്നെത്തുന്നതായിരിക്കും. കുടുംബജീവിതം കൂടുതൽ സന്തോഷപ്രദമാകും. വർഷത്തിൻ്റെ അവസാനഭാഗത്ത് കൂടുതൽ കരുതൽ ആവശ്യമാണ്.

മൂലം

ശനി ആശ്വാസവും സഹായവും നൽകുന്ന മൂന്നാം ഭാവത്തിൽ ശക്തമായ നിലയിലാണ്. മാനസിക ധൈര്യം അതിജീവനത്തിനുള്ള കരുത്താകും. മുതിർന്നവരുടെ സ്നേഹവും മാർഗ്ഗനിർദ്ദേശവും വിലപ്പെട്ടതായി അനുഭവപ്പെടും. നേട്ടങ്ങൾക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ചതിക്കുഴികളെ കരുതിയിരിക്കേണ്ടതുണ്ട്. സ്വതന്ത്ര ബിസിനസ്സുകളിൽ മുതൽമുടക്കുന്നത് കരുതലോടെ വേണം. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് മാറ്റം കിട്ടുക എളുപ്പമാവില്ല. മീനമാസത്തിനു ശേഷം കൂടുതൽ അവസരങ്ങൾ വന്നെത്തും.

പൂരാടം
ആദ്യ പകുതി അവസരങ്ങൾ വിനിയോഗിക്കാൻ അഹോരാത്രം പ്രവർത്തനവും സുഹൃത് സഹായവും വേണ്ടി വരും. ദാമ്പത്യ ഐക്യതയ്ക്ക് ആത്മനിയന്ത്രണവും വിട്ടുവീഴ്ചാ മനോഭാവവും വേണ്ടി വരും. നിശ്ചയിച്ചുറപ്പിച്ച പ്രണയ ബന്ധത്തിന് അകൽച്ച വരാൻ സാധ്യത.
ശത്രുപക്ഷത്തെ നിർവീര്യമാക്കും. പ്രവർത്തനങ്ങളിൽ ഒട്ടൊക്കെ വിജയം നേടാനാവും. സംരംഭകർക്ക് ആശ്വാസമുണ്ടാവും. കടം വാങ്ങി കച്ചവടം തുടങ്ങുന്നത് അഭികാമ്യമാവില്ല. യുവാക്കളുടെ വിവാഹാലോചനകൾ നീണ്ടുപോയേക്കും. പ്രേമബന്ധങ്ങളിൽ തിരിച്ചടി ഉണ്ടാവാം. മീനമാസം മുതൽ കാലം അനുകൂലമാണ്.

ഉത്രാടം

ധനുക്കൂറുകാർക്ക് ശനിയും മകരക്കൂറുകാർക്ക് വ്യാഴവും അനുകൂല ഭാവത്തിലാണ്, ഈ വർഷം. താത്കാലിക ലാഭങ്ങളാവും ഈ വർഷം അധികം ഉണ്ടാവുക. കടബാധ്യതയുടെ കാര്യത്തിൽ തെല്ല് ആശ്വസിക്കാൻ പറ്റും. ചെറുപ്പക്കാർക്ക് ജോലി ലഭിക്കാം. ചിലപ്പോൾ ആഗ്രഹിച്ച തൊഴിലോ പ്രതീക്ഷിച്ച വേതനമോ ഉണ്ടാവണമെന്നില്ല. ഗൃഹനിർമ്മാണം പതുക്കെയാവും. മകളുടെ കുടുംബത്തോടൊപ്പം താമസിക്കേണ്ടി വരാം. സർക്കാർ ആനുകൂല്യങ്ങൾ / അവകാശങ്ങൾ എന്നിവ വൈകാനിടയുണ്ട്.ആദ്യ പകുതിക്കു ശേഷം സന്താനങ്ങളുടെ കാര്യത്തിൽ ചെറിയ പ്രയാസങ്ങൾ ഉണ്ടാകും. ശത്രു ശല്യം കരുതിയിരിക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ അവഗണിക്കരുത്.

തിരുവോണം
ഈ വർഷം ശരാശരിഫലം പ്രതീക്ഷിക്കാം. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഫലം അനുകൂലമാണ്. ചില സുപ്രധാന കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സമയം. കടബാധ്യതകൾ കൊടുത്തു തീർക്കും.
ചെലവിൽ നിയന്ത്രണം വേണ്ടതുണ്ട്. സന്താനജന്മം ധന്യതയേകുന്നതാണ്. സ്വസ്ഥവും ശാന്തവുമായ ദാമ്പത്യം നയിക്കാൻ കഴിയും. പ്രമാണകൾ, നിക്ഷേപ രശീതുകൾ തുടങ്ങിയവ സൂക്ഷിച്ചുവെക്കണം. വൃദ്ധജനങ്ങൾ അന്യനാട്ടിലെ താമസം ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്നതാണ്. മീനമാസത്തിൽ ശനിമാറ്റം വരുന്നതോടെ ഏഴരശനി ദോഷത്തിന് പരിസമാപ്തിയാകും. തുലാം, വൃശ്ചികം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നേട്ടങ്ങൾ വർദ്ധിക്കും.

അവിട്ടം

നേട്ടങ്ങളും കോട്ടങ്ങളും സമ്മിശ്രരസം പകരുന്ന വർഷമായിരിക്കും. സ്വകാര്യസ്ഥാപനത്തിൽ ജോലി ലഭിക്കുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതന വർദ്ധനവ് ഇവയ്ക്ക് സാധ്യത കുറവാണ്. ബിസിനസ്സിൽ ന്യായമായ ആദായം വന്നുചേരും. പക്ഷേ വിപുലീകരിക്കുക എളുപ്പമാവില്ല. ഗൃഹനിർമ്മാണം പൂർത്തീകരിച്ചേക്കും. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്ക് വായ്പയെ ആശ്രയിക്കും. കലാപ്രവർത്തകർക്ക് കലാപഠനം പോഷിപ്പിക്കാനും പ്രദർശിപ്പിക്കാനും സാഹചര്യം ഒരുങ്ങും. സകുടുംബ വിനോദയാത്രകൾ ധാരാളമായിട്ടുണ്ടാവും.

ചതയം
വർഷത്തിന്റെ ആദ്യ പകുതി അത്ര ഗുണകരമല്ല. യാത്രാവേളയിൽ ക്ലേശങ്ങൾക്കിടയുള്ളതിനാൽ സൂക്ഷിക്കണം. വിദ്യാർഥികൾക്ക് അലസത വർധിക്കുമെങ്കിലും മനസ്സ് ഏകാഗ്രമാക്കി പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാം. ആദ്യ പകുതിക്കു ശേഷം എല്ലാ കാര്യങ്ങളും അനുകൂലമായി വരും. അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സാമൂഹ്യ പ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. അനുയോജ്യമായ വിവാഹാലോചനകൾ വന്നു ചേരും.
തൊഴിലില്ലാത്തവർ ജോലി നേടിയേക്കും. തൊഴിൽപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. രോഗോപദ്രവങ്ങൾ ഉണ്ടാവാം. അലച്ചിൽ തുടരപ്പെടാം. ഉറ്റവരുടെ പിന്തുണ, കരുതൽ, സാമ്പത്തിക സഹായം എന്നിവ ആശ്വാസമേകും.

പൂരൂരുട്ടാതി

ജന്മശനിയുടെ കാലമാണ്. വർഷാദ്യം ശനി ജന്മനക്ഷത്രത്തിൽ വക്രസഞ്ചാരത്തിലാണ്. അതിനാൽ പ്രവർത്തനരീതി മന്ദതയെ പ്രാപിക്കും. ആലസ്യം ചിന്തയേയും ബാധിക്കാം.
തൊഴിൽ ചാഞ്ചാട്ടത്തിന് പ്രേരണവരും. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് കരുതലോടെ വേണം. കടം വാങ്ങിയത് തിരികെ നൽകാൻ ക്ലേശിക്കുന്നതാണ്. ചെറിയ രോഗങ്ങൾ വന്നാൽ തന്നെ പൂർണമായും വിട്ടുപോകാൻ സമയം എടുക്കും. വിവാഹകാര്യം നീളുന്നതാണ്. ഏജൻസികൾ, കമ്മീഷൻ വ്യാപാരം, ദിവസവേതനം ഇവ മുടങ്ങില്ല. അവയിലൂടെ ആദായം ലഭിക്കും.ആദ്യ പകുതിക്കു ശേഷം എല്ലാ കാര്യങ്ങളും അനുകൂലമായി വരും. അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.

ഉത്രട്ടാതി

ജന്മനക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്നതിനാൽ സ്വന്തം ശക്തിയും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞേക്കില്ല. വൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ സൃഷ്ടിക്കാം. അവസരോചിതമായ തീരുമാനങ്ങളെടുക്കാൻ വൈകുന്നതായിരിക്കും. ഏഴരശനിക്കാലം കൂടിയാകയാൽ സമയബന്ധിതമായി പ്രവർത്തിക്കാൻ കഴിയാതെ വരും. ഉറ്റവരുടെ വിരഹ- വിയോഗങ്ങൾ വിഷമിപ്പിക്കും. സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണം. കടക്കെണി വരാതെ നോക്കേണ്ടതുണ്ട്. ബിസിനസ്സിൽ പുരോഗതി കുറയുന്നതാണ്. ചിട്ടി, ലോൺ, ഇൻഷ്വറൻസ് എന്നിവയിലൂടെ ധനവരവ് ഉണ്ടായേക്കും. ചിങ്ങം, ധനു, മകരം, ഇടവം മാസങ്ങളിൽ വളർച്ചയും നേട്ടങ്ങളും പ്രതീക്ഷിക്കാം.

രേവതി
ഈ വർഷം എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ആവശ്യമാണ്. എല്ലാ മേഖലകളിലും ആത്മനിയന്ത്രണം വേണം. അമിതാവേശം നിയന്ത്രിക്കണം. സാമ്പത്തിക ചെലവുകൾ വർധിക്കും. ദുർവാശി കുടുംബ കലഹങ്ങൾക്ക് കാരണമാകുമെന്നതിനാൽ അത് ഒഴിവാക്കുവാൻ നോക്കണം. വാഹനം, യന്ത്രങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധയോടെ ചെയ്യണം. ലളിതമായ ജീവിതശൈലി അവലംബിക്കുന്നതു വഴി മനസ്സമാധാനമുണ്ടാകും. വിനയം, ക്ഷമ തുടങ്ങിയവ സർവവിധത്തിലുള്ള ആദരവിനും വഴിയൊരുക്കും.
ശനി, രാഹു, വ്യാഴം തുടങ്ങിയ ഗ്രഹങ്ങൾ അനുകൂലമല്ലാത്തതിനാൽ തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം കൈക്കൊള്ളണം. നിലവിലെ ജോലി ഉപേക്ഷിക്കാനുള്ള പ്രേരണ ഉണ്ടാവും. പുതിയ തൊഴിൽ ലഭിക്കുക എളുപ്പമായേക്കില്ല. മകരമാസം തൊട്ട് കാര്യങ്ങൾ അനുകൂലമാവാം.

Advertisement