അൻവറിന്‍റെ വെളിപ്പെടുത്തലിൽ എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Advertisement

കോട്ടയം. പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് പരസ്യമായാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.വേദിയിലിരുന്ന അജിത് കുമാറിന് മുഖ്യമന്ത്രി മുഖംനല്കാനും തയ്യാറായില്ല. ആരോപണങ്ങൾ സർക്കാർ അന്വേഷിക്കട്ടെ എന്ന് അജിത് കുമാർ പ്രതികരിച്ചു .

അൻവറിന്റെ ആരോപണം വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ നടപടിയിലേക്ക് കടക്കുകയാണ് സർക്കാർ. നാട്ടകം ഗസ്റ്റ് ഹൗസിലേക്ക് ഡിജിപിയെ രാവിലെതന്നെ മുഖ്യമന്ത്രി വിളിച്ചുവരുത്തി . വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത് . പതിവിൽ നിന്ന് വ്യത്യസ്തമായി പൊതുവേദിയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം. അതും എഡിജിപി അജിത് കുമാറിനെ വേദിയിലിരുത്തി.

എത്ര ഉന്നതൻ ആണെങ്കിലും നടപടി എടുക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി അച്ചടക്കത്തിന് നിരക്കാത്ത നടപടികൾ വച്ചുപുറക്കില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി ഭേവിട്ട ശേഷം ആയിരുന്നു ആരോപണ വിധേയനായ എ ഡിജിപി അജിത് കുമാർ പ്രസംഗിച്ചത്.വിടവാങ്ങൽ പ്രസംഗം പോലെയായിരുന്നു എഡിജിപിയുടെ ഓരോ വാക്കുകളും.പി വി അൻവർ ആരോപണങ്ങളിൽ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന അജിത് കുമാർ സർക്കാർ എല്ലാം അന്വേഷിക്കട്ടെ എന്നും പറഞ്ഞു

എ ഡിജിപി ക്കെതിരായ ആരോപണത്തിൽ എന്നാൽ ഡിജിപി പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറായില്ല. പലതവണ മാധ്യമങ്ങൾ ചോദിച്ചെങ്കിലും ഒരു പ്രതികരണവും ഡിജിപി നടത്തിയില്ല.

Advertisement