‘കവടിയാറില്‍ ഉയരുന്നത് മൂന്നുനില മണിമാളിക; ലിഫ്റ്റ് സൗകര്യം ഉൾപ്പെടുന്ന വീട്’: അജിത്കുമാർ എത്താറുണ്ടെന്ന് നാട്ടുകാർ

Advertisement

തിരുവനന്തപുരം: ഇടതുപക്ഷ എംഎല്‍എയായ പി.വി.അന്‍വര്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയതോടെ ശ്രദ്ധാകേന്ദ്രമാകുന്നത് തിരുവനന്തപുരം നഗരത്തിലെ ഏറ്റവും സമ്പന്നമേഖലയായ കവടിയാറില്‍ ഉയരുന്ന വന്‍ മൂന്നു നില മണിമാളിക. 10,000 മുതല്‍ 12,000 ചതുരശ്ര അടിയിലുള്ള വീടാണ് ഇവിടെ അജിത്കുമാര്‍ നിര്‍മിക്കുന്നതെന്നാണ് പി.വി.അന്‍വര്‍ പറഞ്ഞത്. കവടിയാര്‍ കൊട്ടാരത്തിനടുത്ത് ഇതിനായി അജിത്കുമാറിന്റെ പേരില്‍ 10 സെന്റും ഭാര്യാ സഹോദരന്റെ പേരില്‍ 12 സെന്റും വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പ്രാഥമിക നിര്‍മാണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടെ സ്ഥലം വാങ്ങി ഇത്ര വലിയ വീടു നിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപ ചെലവു വരും. വന്‍കിട ബിസിനസുകാര്‍ ഉള്‍പ്പെടെയാണ് ഇവിടെ സ്ഥലം വാങ്ങിയിരിക്കുന്നത്. എഡിജിപി തലത്തില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്രയും തുക ചെലവഴിക്കാന്‍ കഴിയുന്നതെന്നതാണ് വിമര്‍ശകരുടെ പ്രധാന ചോദ്യം. ഇവിടെ വീടുനിര്‍മാണം വിലയിരുത്താന്‍ അജിത് കുമാര്‍ വന്നുപോകാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

സ്ഥലത്ത് വച്ചിരിക്കുന്ന വീടിന്റെ സ്‌കെച്ചില്‍ അജിത് കുമാര്‍ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെയാണു വീടു നിര്‍മിക്കുന്നതെന്നാണ് സ്‌കെച്ചില്‍ പറയുന്നത്. മൂന്നുനിലയുള്ള വീടിന്റെ ഏറ്റവും താഴത്തെ നില പാര്‍ക്കിങ് സൗകര്യത്തിനായും ഗസ്റ്റ് മുറികള്‍ക്കായുമാണ് ഉപയോഗിക്കുക. 2024ല്‍ ആണ് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ലഭിച്ചിരിക്കുന്നത്. താഴത്തെ നിലയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

Advertisement