തിരുവനന്തപുരം. പി വി അൻവർ എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലൂടെ സോളാർ വിവാദവും വീണ്ടും ചർച്ചയാകുന്നു. എ.ഡി.ജി.പി എം.ആർ അജിത് കുമാർ സോളാർ കേസിൽ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു ഓഡിയോ ക്ലിപ്പിലെ വെളിപ്പെടുത്തൽ. ആരോപണം ശരിയാണെന്ന് സോളാർ പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങളിൽ ഭയം ഇല്ലെന്ന് കെ.സി വേണുഗോപാൽ എം.പി വ്യക്തമാക്കി.
എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് കെസി വേണുഗോപാലുമായി അടുത്ത ബന്ധം എന്നാണ് പിവി അൻവർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നത്. സോളാർ പരാതിക്കാരിയും പ്രതികളും തമ്മിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് എം ആർ അജിത് കുമാർ. ജീവിക്കാൻ ആവശ്യമായ തുക വാഗ്ദാനം ചെയ്ത് സിബിഐക്ക് മുന്നിൽ പരാതിക്കാരിയെ കൊണ്ട് മൊഴിമാറ്റിച്ചതും എം ആർ അജിത് കുമാർ എന്നാണ് വോയിസ് ക്ലിപ്പിലെ വെളിപ്പെടുത്തൽ.
ആരോപണങ്ങൾ സോളാർ കേസിലെ പരാതിക്കാരി ശരിവച്ചു. തന്നെ സമ്മർദ്ദപ്പെടുത്തി മൊഴിമാറ്റിയെന്ന് പരാതിക്കാരി പറഞ്ഞു. വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്നും സ്വസ്ഥമായി ജീവിക്കണമെങ്കിൽ പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
ആരോപണങ്ങൾ കെസി വേണുഗോപാൽ എം.പി നിഷേധിച്ചു. കേരള പൊലീസും സിബിഐയും അഞ്ചുകൊല്ലം തന്റെ കേസ് അന്വേഷിച്ചതാണ്. ഇനിയും ആവശ്യമെങ്കിൽ അന്വേഷണം നടക്കട്ടെ എന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
പൊലീസ് തലപ്പത്തേക്ക് ലക്ഷ്യം വെച്ച് പി.വി അൻവർ എംഎൽഎ കൊളുത്തിയ തീയിൽ വീണ്ടും സോളാർ വിവാദവും കത്തുന്നു.