കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ലൈംഗീകാരോപണങ്ങളില്‍ ആദ്യപ്രതികരണവുമായി മുതിർന്ന നടിമാരായ ശാരദയും ഷീലയും. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നതായി കമ്മിറ്റിയംഗം കൂടിയായ ശാരദ പറഞ്ഞു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ വ്യക്തമാക്കി.
അതേസമയം, റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും ശാരദ പറഞ്ഞു. എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടതു വയനാടിനെ കുറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ റിപ്പോർട്ടിനു പ്രധാന്യമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഹേമ മാഡം നല്ലയാളെന്നും അവരോട് ചോദിച്ചാൽ വിവരം തരുമെന്നുമായിരുന്നു ശാരദയുടെ മറുപടി.
നേരിട്ട അനുഭവങ്ങൾ നടിമാർ ധൈര്യത്തോട തുറന്നുപറയണമെന്നു നടി ഷീലയും പ്രതികരിച്ചു. തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല. പക്ഷേ, സെറ്റിൽ ചില സ്ത്രീകൾ അവർ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പരസ്പരം പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അന്നൊന്നും അതു തുറന്നപറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. ഇത്രയും പേരുകൾ ഉള്ളപ്പോൾ എന്തിനാണ് ചില നടന്മാരുടെ പേരുകൾ മാത്രം പറയുന്നതെന്ന് അറിയില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയിലെ സ്ത്രീകൾക്കു വേണ്ടി ഡബ്ല്യുസിസി ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് അഭിമാനമാണെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്ത്രീകൾക്ക് സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്ത സർക്കാരിനെ അഭിനന്ദിക്കുന്നതായും ഷീല കൂട്ടിച്ചേർത്തു.