ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ ലഭിക്കും.
ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്‌സിഡി സാധനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ സപ്ലൈകോ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്ലൈറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ നല്‍കി. നിലവില്‍ സപ്ലൈകോ വില്പനശാലകളില്‍ ദൗര്‍ലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വില്‍പന ശാലകളിലും എത്തിക്കും.
പ്രമുഖ ബ്രാന്‍ഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍വിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. നെയ്യ്, തേന്‍, കറിമസാലകള്‍, മറ്റു ബ്രാന്‍ഡഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പ്രധാന ബ്രാന്‍ഡുകളുടെ ഡിറ്റര്‍ജെന്റുകള്‍, ഫ്‌ലോര്‍ ക്ലീനറുകള്‍, ടോയ്ലറ്ററീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വിലക്കുറവ് നല്‍കും. 255 രൂപയുടെ ആറ് ശബരി ഉല്‍പ്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കുന്ന ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്ന പ്രത്യേക പാക്കേജും ഉണ്ടാവും. വിവിധ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്‌സ് സ്‌കീം നടപ്പാക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെ ആയിരിക്കും ഇത്. പ്രമുഖ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കോമ്പോ ഓഫറുകളും ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും ലഭ്യമാണ്.