തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ സംരക്ഷിച്ച് അസാധാരണ അന്വേഷണം,ക്രമസമാധാന ചുമതലയുള്ള സംസ്ഥാനത്തെ ഏറ്റവും കരുത്തനായ ഉദ്യോഗസ്ഥനെ അതേ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി ചുമതലപ്പെടുത്തും. ഇത് സംബന്ധിച്ച് ഉടൻ സർക്കാർ ഉത്തരവുണ്ടാകും. ഡിജിപി ഷെയ്‌ക് ദർവേസ് സാഹിബ് നേരിട്ടാണ് അന്വേഷണം നടത്തുക.
എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെയാണ് ഉന്നത തല സംഘം അന്വേഷണം നടത്തുക. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. എംആർ അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പി ശശിയെയും മാറ്റേണ്ടി വരുമെന്നതാണ് ഇരുവരെയും നിലനിർത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നില്‍.
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകും എന്ന് മാത്രമാണ് മുഖ്യമന്ത്രി രാവിലെ പ്രസംഗിച്ചത്. ഇതിന് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി ഡിജിപിയുമായടക്കം സംസാരിച്ചു. ഇതിന് ശേഷമാണ് ആരോപണ വിധേയരെ സ്ഥാനത്ത് നിലനിർത്തി അന്വേഷണം നടത്താൻ തീരുമാനിച്ചത്.