മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്രമായ സുരക്ഷാപരിശോധന, കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു

Advertisement

ന്യൂഡെല്‍ഹി. മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു.
12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇപ്പോൾ പരിശോധന നടത്തേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം തള്ളി. കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ചുവടുവെപ്പ് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ.തമിഴ്നാടിനും വെള്ളം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ടു പോകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൻറെ ആവശ്യം പരിഗണിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാ പരിശോധന നടത്താനാണ് ജല കമ്മീഷൻ അംഗീകാരം നൽകിയത്. സമഗ്രമായ സുരക്ഷാ പരിശോധന നടത്തിയതിനുശേഷം മാത്രം മതി അറ്റകുറ്റപ്പണികൾ എന്നായിരുന്നു
മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിൽ കേരളം മുന്നോട്ടുവച്ച ആവശ്യം. 12 മാസത്തിനുള്ളിൽ സുരക്ഷാ പരിശോധന നടത്താനാണ് നിർദ്ദേശം. എന്നാൽ പരിശോധന 2026 ൽ മതി എന്ന തമിഴ്നാടിന്റെ വാദം കമ്മിറ്റി തള്ളി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അടിയന്തര കർമ്മപദ്ധതി
പുതുക്കിയ ഡാം ബ്രേക്ക് അനാലിസിന്റെ
അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കാനും തമിഴ്നാടിന് നിർദ്ദേശം നൽകി. മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന വർഷങ്ങളായി കേരളം ആവശ്യപ്പെട്ടതാണെന്നും.തീരുമാനം തമിഴ്നാടിനും അംഗീകരിക്കാൻ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

വിദഗ്ധർ ഉൾപ്പെടുന്ന സമിതി കേരളം നിർദ്ദേശിക്കുന്ന ആവശ്യങ്ങൾ കൂടി പരിഗണിച്ചു അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ ഉൾപ്പെടെ പരിശോധിക്കും. 2011-ലാണ് സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി
ഇതിന് മുൻപ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്.

Advertisement