മാധ്യമ പ്രവർത്തകൻ മനോജ് ജോണിനെ മുംബെയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Advertisement

മുംബൈ.മാധ്യമ പ്രവർത്തകൻ മനോജ് ജോണിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം സ്വദേശിയാണ്. താമസിച്ചിരുന്ന സൊസൈറ്റയിലെ ചെയര്‍മാനാണ് മനോജിന്റെ മുറി രണ്ടു ദിവസമായി തുറക്കുന്നില്ലെന്നും ദുര്‍ഗന്ധം വരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ജോജോ തോമസിനെ വിളിച്ചറിയിക്കുന്നത്. മനോജിന്റെ വാടക എഗ്രീമെന്റില്‍ ജോജോയുടെ നമ്പര്‍ റഫറന്‍സ് ആയി കൊടുത്തിരുന്നു. തുടര്‍ന്നാണ് വിവരം ഖാര്‍ഘറിലെ സാമൂഹിക പ്രവര്‍ത്തകരായ രാമകൃഷ്ണനേയും വത്സന്‍ മൂര്‍ക്കോത്തിനെയും അറിയിക്കുന്നത്. ഇവര്‍ സൊസൈറ്റി ചെയര്‍മാനുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞു എസ് കുമാറും ഷാജി ഭാര്‍ഗവനും അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി.

പിന്നീട് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് പോലിസിന്റെ സാന്നിധ്യത്തില്‍ മുറി തുറന്ന് മൃതദേഹം കണ്ടെടുത്തത്. മരിച്ചിട്ട് ഒന്നിലേറെ ദിവസമായി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മനോജിന്റെ അകാല വിയോഗത്തില്‍ മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

വിട പറഞ്ഞത് മനുഷ്യസ്‌നേഹിയായ വാഗ്മിയും, ആക്ടിവിസ്റ്റും

മുംബൈയിലെ മികച്ച വാഗ്മിയും, എഴുത്തുകാരനും, മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മനോജ് വൈറ്റ് ജോണ്‍ കഴിഞ്ഞ കുറച്ച് നാളുകളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.

ഇന്ത്യന്‍ ജനതയില്‍ ശാസ്ത്രീയ മനോഭാവം സൃഷ്ടിക്കുന്നതിലും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരീശ്വരവാദികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശക്തമായ പ്രചാരകനുമായാണ് മനോജ് അറിയപ്പെട്ടിരുന്നത്.

ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക കണ്‍സള്‍ട്ടേറ്റീവ് പദവിയുള്ള വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സ്വതന്ത്ര സംഘടനയായ നാസ്തിക അലയന്‍സ് ഇന്റര്‍നാഷണലിന്റെ ഡയറക്ടറാണ്.

പരിസ്ഥിതിവാദം, മനുഷ്യാവകാശങ്ങള്‍, എല്‍ജിബിടി അവകാശങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കായി പോരാടുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ വീ ദ സാപിയന്‍സിന്റെ മേധാവി കൂടിയാണ് അകാലത്തില്‍ വിട പറഞ്ഞ മനോജ്.

മുംബൈ റാഷണലിസ്റ്റ് അസോസിയേഷന്‍ രൂപീകരിക്കുകയും വര്‍ഷങ്ങളോളം അതിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുകയും ചെയ്തു.

അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുമായി എഡിറ്റോറിയല്‍ സിന്‍ഡിക്കേഷന്‍ ടൈ-അപ്പുകള്‍ നടത്തിയിരുന്നു. ദി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ നിരവധി പ്രമുഖ ഇംഗ്ലീഷ് ദേശീയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായും ന്യൂസ്റൂമുകളുടെ തലവനായും മനോജ് പ്രവര്‍ത്തിക്കുകയും വിവിധ മാസികകളില്‍ വിഷയാധിഷ്ഠിത ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു.

സാമൂഹിക വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ഡിബേറ്റുകള്‍ നടത്തി ശക്തമായ ഇടപെടലുകളും ജനങ്ങളെ ഉല്‍ബുദ്ധരാക്കുന്നതിലും മനോജ് നിരന്തരം പ്രയത്‌നിച്ചു

കേരളത്തില്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തിലാണ് മനോജ് ജനിച്ചത്. കൗമാരപ്രായത്തില്‍ തന്നെ ക്രിസ്തുമതം നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത വിവേചനവും ഒഴിവാക്കലും നേരിടുകയും ചെയ്തു. സ്വതന്ത്ര ചിന്താ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സജീവമാകുന്നതിന് മുമ്പ് തീവ്ര ഇടതുപക്ഷ രാഷ്ട്രീയവുമായി മനോജിന് ബന്ധമുണ്ട്