ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും എഡിജിപി എം ആര്‍ അജിത്കുമാറിന് തരിമ്പും നോവാതെ സര്‍ക്കാര്‍

Advertisement

തിരുവനന്തപുരം . ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും എഡിജിപി എം.ആര്‍ അജിത്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും അജിത്കുമാറിന് സര്‍ക്കാരിന്റെ സംരക്ഷണം. അന്വേഷണ സംഘത്തെ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിലും അജിത്കുമാറിനെതിരെ അന്വേഷണമെന്നില്ല. എന്നാല്‍ അജിത്കുമാര്‍ ഉന്നയിച്ച പരാതി അന്വേഷിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിര ഉയര്‍ന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എയായ പി.വി.അന്‍വര്‍ ഉന്നയിച്ചത്. തൊട്ടുപിന്നാലെ ആരോപണത്തില്‍ മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാത്രി ഡിജിപിയുമായി ചര്‍ച്ച നടത്തിയ ശേഷം അന്വേഷണ സംഘത്തെ തീരുമാനിച്ചു. എന്നാല്‍ ആരോപണ വിധേയനായ എം.ആര്‍.അജിത്കുമാറിനെ സ്ഥാനത്തു നിന്നും മാറ്റാന്‍ തയാറാകാതെ സംരക്ഷിക്കുകയായിരുന്നു. സ്ഥാനത്തുനിന്നും മാറ്റണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു. ഇന്നുരാവിലെയാണ് അന്വേഷണ സംഘം രൂപീകരിച്ചിറക്കിയ ഉത്തരവിലും എം.ആര്‍.അജിത്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിച്ചു. പി.വി.അന്‍വര്‍ ഓഗസ്റ്റ് 23ന് നല്‍കിയ പരാതിയിലും തുടര്‍ന്നുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നു മാത്രമാണ് ഉത്തരവിലുള്ളത്. എം.ആര്‍.അജിത്കുമാറിനെതിരെ അന്വേഷണം എന്നത് ഉത്തരവില്‍ വരാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചു. അതേ സമയം എം.ആര്‍.അജിത്കുമാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

അജിത്കുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും മാറ്റേണ്ടി വരും. ഇതിനാലാണ് അജിത്കുമാറിനെതിരെ നടപടിയുണ്ടാകാത്തതെന്നാണ് സൂചന. സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷവും ബി.ജെ.പിയും ഉന്നയിക്കുന്നത്.

Advertisement