തൃശ്ശൂർ പൂരം പൊലീസ് കലക്കിയെന്ന പി വി അൻവറിൻ്റെ ആരോപണം ഏറ്റെടുത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ. പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന. സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് വി എസ് സുനിൽകുമാറും തിരുവമ്പാടി ദേവസ്വവും ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന നിലപാടിലാണ് കെ മുരളീധരൻ.
സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുകയാണ് പിവി അൻവറിന്റെ ആരോപണം ഏറ്റെടുത്തുള്ള വിഎസ് സുനിൽകുമാറിന്റെ പടയൊരുക്കം. പൂരം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പൂരം കലക്കിയതാരെന്ന അന്വേഷണ റിപ്പോർട്ട് സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനിടയിലാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകാനുള്ള സുനിൽകുമാറിന്റെ രാഷ്ട്രീയ നീക്കം. എഡിജിപി എംആർ അജിത് കുമാർ അന്വേഷിച്ച റിപ്പോർട്ടാണ് സർക്കാർ പൂഴ്ത്തിയത്.
റിപ്പോർട്ട് പുറത്തുവന്നാൽ ആരെയെങ്കിലും സംരക്ഷിച്ചിട്ടുണ്ടെങ്കിൽ അതും മനസ്സിലാക്കാൻ കഴിയുമെന്നാണ് സുനിൽകുമാർ പറയുന്നത്.
പൂരം നിർത്തിവച്ചതോടെ സേവാഭാരതിയുടെ ആംബുലൻസിലെത്തിയ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെത്തിയുടെ അപ്രതീക്ഷിത വരവും വത്സൻ തില്ലങ്കേരി അടക്കമുള്ള ആർഎസ്എസ് നേതാക്കൾ നേരത്തെ ക്യാമ്പ് ചെയ്തതും ഗൂഢാലോചന വെളിവാക്കുന്നുവെന്ന് സുനിൽകുമാർ.
പൂരപ്രേമി എന്ന നിലയിൽ ചോദ്യങ്ങൾ ഉയർത്തി സർക്കാരിനുമേൽ പൂരപ്രേമികളുടെ വികാരമായി വിഷയത്തെ അവതരിപ്പിക്കാനാണ് സുനിൽകുമാർ ലക്ഷ്യംവെക്കുന്നത്. അതിനിടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് തിരുവമ്പാടി ദേവസ്വവും ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.