പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസിലെ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു

Advertisement

തിരുവനന്തപുരം. പാപ്പനംകോട് തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയാണ് മരിച്ചവരിൽ ഒരാൾ. മറ്റൊരാൾ പുരുഷനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്. അകൽച്ചയിൽ കഴിയുന്ന ഭർത്താവ് ബിനുവിനായി പോലീസ് അന്വേഷണം. ബിനുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ.

ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു തീപിടിത്തം. എയർകണ്ടീഷൻ പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയം സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരി വൈഷ്ണയും മറ്റൊരാളും തൽക്ഷണം മരിച്ചു..

15 വർഷമായി പാപ്പനംകോട് പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസിലാണ് അപകടം ഉണ്ടായത്. വൈഷ്ണയെ കൂടാതെ മരിച്ചത് പുരുഷനാണെന്ന് തിരിച്ചറിഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത നേമം പോലീസ് സംഭവത്തിൽ ദുരൂഹത സംശയിക്കുന്നു. രാവിലെ സ്ഥലത്ത് ഒരു പുരുഷനെത്തി പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവ് ബിനുവുമായി അകൽച്ചയിൽ ആയിരുന്ന വൈഷ്ണ കഴിഞ്ഞ നാല് വർഷമായി മേലാംകോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവ് ബിനുവിനായുള്ള അന്വേഷണത്തിലാണ് നേമം പോലീസ്. ബിനുവിൻ്റെ മൊബൈൽ സ്വിച്ച് ഓഫെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്റെ എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് റീജണൽ ഫയർ ഓഫീസർ.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്നാണ് KSEB യുടെ പ്രാഥമിക നിഗമനം. മന്ത്രിമാരായ വി ശിവൻകുട്ടി കെ രാജൻ, ജി ആർ അനിൽ, ജില്ലാ കലക്ടർ അനുകുമാരി, സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ തുടങ്ങിയവർ അപകടസ്ഥലത്ത് എത്തി.
തീപിടുത്തത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രിമാർ
പറഞ്ഞു.

Advertisement