പിണറായിയുടെ നിര്‍ദ്ദേശപ്രകാരം ആര്‍എസ്എസ് നേതാവുമായി എഡിജിപി ബന്ധം സ്ഥാപിച്ചു, വി ഡി സതീശൻ

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ
ആര്‍എസ്എസ് ബാന്ധവം ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എഡിജിപി എം.ആർ. അജിത് കുമാർ ആർ.എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. തൃശ്ശൂരിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിച്ചതെന്നും, പൂരം കലക്കിയതെന്നും വി ഡി സതീശൻ. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് നടത്തിയ നീക്കമാണ് ഇതെല്ലാമെന്നും വി.ഡി സതീശൻ കടുപ്പിച്ചു.

ബിജെപി ബന്ധത്തിൻറെ പേരിൽ ഇ പി ജയരാജനെതിരെ നടപടി എടുത്ത സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2023 മെയ്യിൽ തൃശ്ശൂർ പാറമേക്കാവ് വച്ച് ആര്‍എസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേയുമായി എഡിജിപി എം ആർ അജിത് കുമാർ കുടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

ദത്താത്രേയ ഹൊസബലെ – അജിത് കുമാർ കൂടിക്കാഴ്ചയുടെ പരിണിത ഫലമാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിച്ചതും, പൂരം കലക്കിയതും, തൃശൂരിൽ ബിജെപി അക്കൗണ്ട് തുറന്നതും.എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയേയും മുഖ്യമന്ത്രി തൊടാത്തതിന്റെ കാരണം മറ്റൊന്നല്ലെന്നും പ്രതിപക്ഷ നേതാവ്.

തൃശ്ശൂരിലെ ഹോട്ടലിൽ ഔദ്യോഗിക വാഹന ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് അജിത് കുമാർ ആർഎസ്എസ് നേതാവിനെ കാണാൻ പോയത്. ദേശീയ നേതാക്കളുമായി ബന്ധമുള്ള തിരുവനന്തപുരത്തെ ഒരു ആർഎസ്എസുകാരനാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്. ഇത് സംബന്ധിച്ച കൂടുതൽ തെളിവുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും അജിത് കുമാറും കൂടിക്കാഴ്ച നിഷേധിച്ചാൽ അപ്പോൾ പറയാം എന്നായിരുന്നു സതീശന്റെ മറുപടി.

Advertisement