തുടങ്ങി വെച്ചത് വിപ്ലവമായി മാറും; ലക്ഷക്കണക്കിന് പാർട്ടിക്കാർ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്ന് അൻവർ

Advertisement

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നവെന്ന് പി വി അൻവർ എംഎൽഎ. തുടങ്ങി വച്ചത് വിപ്ലവമായി മാറും, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. സർക്കാരിനെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നു. തുറന്നു പറഞ്ഞത് ലക്ഷക്കണക്കിന് പാർട്ടിക്കാർ പറയാൻ ആഗ്രഹിച്ചതാണ്.

താൻ കീഴടങ്ങിയത് ദൈവത്തിനും പാർട്ടിക്കും മുന്നിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളിൽ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയെ സന്ദർശിച്ച് രേഖാമൂലം പരാതി നൽകിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും പറഞ്ഞു. പാർട്ടിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. എഡിജിപിയെ മാറ്റണമോയെന്ന് ഇനി പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ. അന്തസുള്ള ഒരു പാർട്ടിയും മുഖ്യമന്ത്രിയുമാണ് നമുക്കുള്ളത്. ഉചിതമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നടപടി ക്രമങ്ങൾ പാലിച്ച് തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അൻവർ പറഞ്ഞു.

പോലീസിലെ ക്രിമിനലുകൾക്കെതിരേ തെളിവുകളുടെ സൂചനാ തെളിവുകളാണ് താൻ നൽകിയതെന്നും അത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സംഘമാണെന്നും അൻവർ പറഞ്ഞു. കേരളാ പോലീസ് രാജ്യത്തെ തന്നെ ഒന്നാം നമ്പർ പൊലീസാണെന്നും അതിനാൽ അതിലെ പുഴുക്കുത്തുകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടവരും ഒന്നാംതരമായിരിക്കുമെന്നു പ്രതീക്ഷയുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ പോലീസ് വികലമായാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി തിരുത്തിയതിനു പിന്നാലെ തന്നെ എന്തുകൊണ്ട് അതിനു വിപരീതമായി പ്രവർത്തിക്കുന്നു. ഈ അന്വേഷണങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാൻ തുടങ്ങിയിട്ടേയുള്ളു. നടപടികൾ ഉണ്ടാകട്ടെ.

അന്വേഷണം എങ്ങനെയാണ് നടക്കുന്നതെന്നു നോക്കട്ടെയും സത്യസന്ധമായ അന്വേഷണമല്ല നടക്കുന്നതെങ്കിൽ അന്വേഷണ സംഘം പൊതുസമൂഹത്തിനു മുന്നിൽ ചോദ്യംചെയ്യപ്പെടുമെന്നും അതിനു മുന്നിലും താൻ ഉണ്ടാകുമെന്നും അൻവർ പറഞ്ഞു.