പാപ്പനംകോട് ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയിലെ തീപിടിത്തത്തില്‍ മരിച്ച രണ്ടാമത്തെയാള്‍ വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനുവാണെന്ന് പൊലീസിന്റെ നിഗമനം. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരികരിച്ചു. ബിനു ഓഫീസിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മൃതദേഹം ബിനുവിന്റേതാണ് എന്ന് തെളിയിക്കാന്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു.
ബിനുവാണ് വൈഷ്ണയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണയെ കുത്തിവീഴ്ത്തിയതിനുശേഷം തീകൊളുത്തുകയായിരുന്നുവെന്നും സംശയമുണ്ട്. തീപിടിച്ച മുറിയില്‍ നിന്ന് ഒരു കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞതിനുശേഷം ബിനുവിനൊപ്പം താമസിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴുമാസമായി വൈഷ്ണയും ബിനുവും അകന്ന് കഴിയുകയായിരുന്നു.
നാല് മാസം മുന്‍പും പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് പൂര്‍ണമായി അണച്ചത്. എസി പൊട്ടിത്തെറിച്ചതോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം തീപിടിത്തതിന് കാരണമെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം.