തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി അൻവർ നൽകിയ പരാതി സിപിഐഎം അന്വേഷിക്കും.സംസ്ഥാന സെക്രട്ടറിയേറ്റ് പരാതി ചർച്ച ചെയ്യാനാണ് തീരുമാനം.
പരാതി ഗൗരവത്തിൽ പരിഗണിക്കാനാണ് നേതൃത്വത്തിലെ ധാരണ.സമ്മേളനകാലയളവിലെ
തിരുത്തൽ നടപടികൾക്ക് അൻവറിന്റെ പരാതി കാരണമാകുമോ എന്നതാണ് നിർണ്ണായകം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പി.വി അൻവറിൻ്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സിപിഐഎമ്മിൽ
തന്നെ പുകയുന്നതാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് നൽകിയ പരാതിയിൽ ഇതു മാത്രമല്ല
പി ശശിക്കെതിരെ പി വി അൻവർ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ.അൻവറിന്റെ പരാതി സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചർച്ച ചെയ്യും.പരാതികൾ അന്വേഷിക്കാൻ നേതൃത്വത്തിൽ ധാരണയായിട്ടുണ്ട്.
എന്ത് അന്വേഷണം വേണമെന്ന് സെക്രട്ടറിയേറ്റ് തീരുമാനിക്കും.അതേ സമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയമില്ലെന്നാണ് പി ശശി ദി.വീക്കിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്.സർവാധികാരി മനോഭാവം തനിക്കില്ലെന്നും പി.ശശി പറയുന്നു.
കുറ്റം ആരോപിച്ചത് കൊണ്ട് മാത്രം കുറ്റവാളി ആകില്ലെന്നും കുറ്റം തെളിഞ്ഞാൽ കർശന നടപടിയെന്നുമായിരുന്നു എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്‌ണന്റെ പ്രതികരണം.
സംസ്ഥാന സെക്രട്ടറിയേറ്റിൽ നിർണ്ണായകമായ പല നീക്കങ്ങളുമുണ്ടാകും.പി.ശശിക്കെതിരെ വീണു കിട്ടിയ ആയുധം എങ്ങനെയൊക്കെ സിപിഐഎമ്മിനുള്ളിൽ ഉപയോഗിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന പി ശശിയോട് വിശദീകരണമെങ്കിലും ചോദിച്ചാൽ അത് മുഖ്യമന്ത്രിയെ ഓഡിറ്റ് ചെയ്യപ്പെടുന്നതിനു തുല്യമാകും.അൻവറിന്റെ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം പ്രഹസ്വനമാണെന്നു പോലും അഭിപ്രായമുള്ളവർ സിപിഐഎമ്മിലുണ്ട്.സമ്മേളന കാലയളവായതുകൊണ്ട് പി.വി അൻവർ ഉന്നയിച്ച പരാതി സിപിഐഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കും