സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നു,അന്‍വര്‍

Advertisement

തിരുവനന്തപുരം. സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പി.വി അൻവർ എം.എൽ.എയുടെ രൂക്ഷ വിമർശനം. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു.
പരാതികളിൽ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അൻവർ പ്രതികരിച്ചു.
പി.വി അൻവറിന്റെ പരാതിക്ക് പിന്നിൽ സിപിഐഎമ്മിലെ ചിലരാണെന്ന സൂചനയും പുറത്തു
വരുന്നുണ്ട്.

സുജിത്ദാസും എം.ആർ അജിത്കുമാറും പി.ശശിയും കടന്നു മുഖ്യമന്ത്രിയിലേക്ക് ആരോപണ ശരങ്ങൾ
നീളുന്നുവെന്ന ധ്വനി നൽകുന്നതായിരുന്നു പി.വി അൻവറിന്റെ ഇന്നത്തെ പ്രതികരണം.സർക്കാരിനെയും
സിപിഐഎമ്മിനെയും തകർക്കാൻ ആഭ്യന്തര വകുപ്പിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പി.വി അൻവർ തുറന്നടിച്ചു.താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണെന്നും പി.വി അൻവർ

ക്രമസമാധാന ചുമതലയിൽ എം.ആർ അജിത്കുമാർ തുടരുന്നതിലെ അതൃപ്തിയും അൻവർ ഇന്ന് പ്രകടമാക്കി.പരാതിയിലെ അന്വേഷണം തെറ്റായ രീതിയിൽ പോയാൽ ഇടപെടുമെന്നും ആ പോരാട്ടത്തിലും മുന്നിലുണ്ടാകുമെന്നും അൻവറിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മയപ്പെട്ടെങ്കിലും പാർട്ടി സെക്രട്ടറിയെ കണ്ട ശേഷം അൻവർ
വീണ്ടും ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുകയായിരുന്നു.പി വി അൻവറിനു പിന്നിൽ ആഭ്യന്തര വകുപ്പ് ഇടപെടലുകളിൽ പൊറുതിമുട്ടിയ സിപിഐഎമ്മിലെ ചിലർ തന്നെയാണെന്നും സംശയം ബലപ്പെടുകയാണ്.
അൻവറിന്റെ ആരോപണങ്ങൾ എല്ലാം പാർട്ടിയുടെ നിലപാടല്ലെന്നും കുറ്റം തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്‌ണൻ

മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയേയും വിവരങ്ങൾ അറിയിച്ചതോടെ ഉത്തരവാദിത്തം അവസാനിച്ചെന്ന് പി.വി അൻവർ പറയുമ്പോഴും കോംപ്രമൈസുകൾക്ക് വഴങ്ങില്ലെന്ന് കൂടി അൻവർ അടിവരയിടുന്നു.