തൃശ്ശൂർ പൂരം കലക്കല്‍ മുഖ്യമന്ത്രിക്ക് നേരെ തിരിച്ചുവിടാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ സിപിഎമ്മിനൊപ്പം പ്രതിരോധത്തില്‍ ബിജെപി

Advertisement

തൃശ്ശൂർ. പൂരം നടത്തിപ്പിലെ വീഴ്ചയെ മുഖ്യമന്ത്രിക്ക് നേരെ തിരിച്ചുവിടാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ സിപിഐഎമ്മിനൊപ്പം പ്രതിരോധത്തിലാണ് ബിജെപിയും. എംആർ അജിത് കുമാറിനെ ഇടനിലക്കാരനാക്കി മുഖ്യമന്ത്രി ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയെന്ന വി ഡി സതീശന്റെ ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ തള്ളിയെങ്കിലും അലയൊലികൾ അടങ്ങുന്നില്ല. തൃശ്ശൂർ പൂര വിവാദത്തിൽ പ്രതിക്കൂട്ടിൽ ആവുക എന്നത് ബിജെപിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്.

തൃശൂരിലെത്തിയ ആര്‍എസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേയുമായി കൂടിക്കാഴ്ച നടത്താൻ എഡിജിപി എം ആർ അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയെച്ചെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിച്ചതും, പൂരം കലക്കിയതും, തൃശ്ശൂരിൽ ബിജെപി അക്കൗണ്ട് തുറന്നതുമെന്നും വി ഡി സതീശൻ ആരോപിക്കുന്നു. മുഖ്യമന്ത്രി – ആർഎസ്എസ് ബാന്ധവം സജീവമായി ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് ശ്രമം.
പ്രതിപക്ഷനേതാവിന്റേത് ഉണ്ടയില്ലാ വെടി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുമ്പോഴും പ്രതിരോധിക്കാൻ പാർട്ടി വിയർക്കുകയാണ്. പൂരം കലക്കിയാൽ രാഷ്ട്രീയമായി ജയിക്കാൻ കഴിയും എന്നത് ബിജെപിയുടെ ഫോർമുലയെന്നാണ്
എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാറിൻ്റെ പക്ഷം. സുനിൽകുമാറിനെ ചാരി പൂരം നടത്തിപ്പിലെ വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയിലേക്ക് എത്തിക്കുകയാണ് കോൺഗ്രസ്. അത് ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കുന്നതിനുള്ള ഒത്തു കളിയായിരുന്നു എന്നുകൂടി പറഞ്ഞു വയ്ക്കുമ്പോൾ രാഷ്ട്രീയ മറുപടി അനിവാര്യം.


കരുവന്നൂർ, മാസപ്പടി തുടങ്ങി കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിരുന്ന കേസുകൾക്ക് എന്തുപറ്റി എന്നുകൂടി ബിജെപി വിശദീകരിക്കേണ്ടി വരും. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമായി നിലകൊള്ളുന്നു എന്നു വാദിക്കുന്ന ബിജെപിയുടെ അസ്തിത്വം കൂടി ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ് പാർട്ടി നേരിടുന്ന മറ്റൊരു വെല്ലുവിളി.എം ആർ അജിത് കുമാർ – ദത്താത്രേയ ഹൊസബല്ലേ കൂടിക്കാഴ്ച ബിജെപി കണ്ണും പൂട്ടി തള്ളുന്നതും അതുകൊണ്ടാണ്. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ ഉയർത്തിയ മറ്റെല്ലാ ആരോപണങ്ങളും ശരിവെക്കുമ്പോഴും തൃശ്ശൂർ പൂര വിവാദത്തിൽ മാത്രം BJP തന്ത്രപരമായ മൗനം പാലിക്കുന്നു എന്നതാണ് ശ്രദ്ധേയം..